05 July, 2018 11:22:12 AM


അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കും

എന്‍ഐഎ ആണ് അന്വേഷണം നടത്തുക




കൊച്ചി:  മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്റെ കൊലപാതകത്തില്‍ അധ്യാപകന്റെ കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. എന്‍ഐഎ ആണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക.

തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതിന്റെ എട്ടാം വാര്‍ഷികമായിരുന്നു ജൂലായ് നാല്. കൈവെട്ട് കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. 

കേസുമായി ബന്ധപ്പെട്ട്  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. നെട്ടൂര്‍ സ്വദേശിയും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനുമായ സെയ്ഫുദ്ദീനാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 
അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നല്‍കിയ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായി എന്ന നിഗമനത്തിലാണ് പോലീസ്. ചെറിയ വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നില്ല. അക്രമികള്‍ താമസിച്ച എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം. റോഡിലെ ഹോസ്റ്റല്‍ മൂവാറ്റുപുഴ കൈവെട്ട് കേസിലെ ഒരു പ്രതി ഏര്‍പ്പാടാക്കി കൊടുത്തതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചന നടന്നത് ഇവിടെയാണോ എന്നും പോലിസ് സംശയിക്കുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പെറ്റിക്കേസുകളില്‍പ്പോലും ഉണ്ടായിട്ടില്ലാത്തയാളാണ് അഭിമന്യു. കോളേജില്‍ എല്ലാവിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വീകാര്യനുമായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പോസ്റ്റര്‍ പതിക്കുന്നത്  സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തിയെന്നാണ് മുറിവിന്റെ സ്വഭാവം വ്യക്തമാക്കുന്നതെന്ന് അന്വേഷണസംഘം കരുതുന്നു. കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് സംശയിക്കുന്നതായി ഡി.ജി.പി. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇത്തരം ആക്രമണങ്ങള്‍ക്ക് പരിശീലനം നേടിയിട്ടുള്ളവരാണോയെന്ന് പരിശോധിച്ചുവരികയാണ്. മുഖ്യപ്രതികളെ പിടികൂടിയാലേ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ



Share this News Now:
  • Google+
Like(s): 150