08 July, 2018 03:37:46 PM


ഏറ്റുമാനൂര്‍ വിഗ്രഹമോഷണം: കേസില്‍ വഴികാട്ടിയായ രമണിയ്ക്ക് വീട് ഒരുങ്ങുന്നു

താത്ക്കാലിക ജോലിയും ലഭ്യമാക്കുമെന്ന് ബോര്‍ഡ് പ്രസിഡന്‍റ്ഏറ്റുമാനൂര്‍: മുപ്പത്തേഴ് വര്‍ഷം മുൻപ് ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ് തെളിയിക്കാൻ പൊലീസിനു വഴികാട്ടിയായ രമണിക്ക് ഭക്തജനങ്ങളുടെ സഹായത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വീടൊരുക്കുന്നു. ഞായറാഴ്ച ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാർ അറിയിച്ചതാണിത്. രമണിക്കു താൽക്കാലിക ജോലി നൽകാൻ കഴിയുമോ എന്ന കാര്യവും ദേവസ്വം ബോർഡ് പരിശോധിക്കുമെന്ന് പദ്മകുമാർ അറിയിച്ചു. 

1981 മേയ് 24നാണ് കേരളക്കരയാകെ ഞെട്ടിച്ച് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തങ്കവിഗ്രഹം മോഷണം പോയത്. അന്നത്തെ സര്‍ക്കാരിനെയും പൊലീസിനെയും ഒരു പോലെ വട്ടംചുറ്റിച്ച പ്രമാദമായ കേസ് തെളിയിക്കാന്‍ പൊലീസിനു വഴികാട്ടിയായത് സംസ്ഥാനത്തിന്‍റെ തെക്കേ അതിര്‍ത്തിയായ പാറശാലയിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ നോട്ട് ബുക്കിലെ താളുകളായിരുന്നു. പൊലീസ് കണ്ടെടുത്ത പുസ്തക കടലാസില്‍ രമണിയുടെ പേരും സ്‌കൂളിന്‍റെ വിലാസവുമുണ്ടായിരുന്നതാണ് കേസില്‍ വഴിത്തിരിവായത്. പാറശാലയിലെ വിദ്യാര്‍ത്ഥിനിയുടെ പസ്തകതാളുകള്‍ എങ്ങനെ ഏറ്റുമാനൂരില്‍ എത്തിയെന്ന അന്വേഷണമാണു രമണി പുസ്തകം വിറ്റ കടക്കാരനിലേക്കും അതിലൂടെ മോഷ്ടാവ് സ്റ്റീഫനിലേക്കുമെത്തിയത്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറായിരുന്നു അത്. 

അന്വേഷണം ഊര്‍ജ്ജിതമാക്കി മോഷ്ടാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രശസ്ത സിനിമാതാരം എസ്.പി.പിള്ളയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സമരം നടക്കുന്നതിനിടയിലാണ് രമണിയുടെ പുസ്തകതാളുകള്‍ പിടിവള്ളിയായി പോലീസിന്‍റെ കൈകളിലെത്തിയത്. സ്റ്റീഫന്‍ പിടിക്കപ്പെട്ടതോടെ രമണി ഭക്തര്‍ക്കിടയില്‍ മാത്രമല്ല മലയാളികള്‍ക്കിടയില്‍ താരമായി മാറി. ക്ഷേത്ര ഭാരവാഹികളും സംഘടനകളും രമണിയെ ഏറ്റുമാനൂരില്‍ വിളിച്ചുവരുത്തി ആദരിച്ചു. വെള്ളിക്കൊലുസും മിഠായി പാക്കറ്റുകളും വസ്ത്രങ്ങളുമുള്‍പ്പെടെ ഭക്തര്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി.  വിദ്യാഭ്യാസത്തിനുള്ള ചെലവായി പതിനായിരം രൂപ ക്ഷേത്രഉപദേശകസമിതി നല്‍കി. പക്ഷെ എല്ലായിടത്തും സംഭവിക്കുന്നതുപോലെ തന്നെ എല്ലാവരും രമണിയെ മറന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞ സ്റ്റീഫന്‍ പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും രമണി കാണാമറയത്തു തന്നെയായിരുന്നു. 

തിരുവനന്തപുരം വെള്ളറട കിളിയൂര്‍ ജംക്‌ഷനടുത്ത് വളരെ ശോചനീയമായ അവസ്ഥയിലാണ് രമണി ഇപ്പോൾ താമസിക്കുന്നത്. ഭർത്താവു മരിച്ച രമണിക്ക് തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന ജോലിയാണ് ഏക വരുമാന മാർഗം. രമണിയുടെ ഇന്നത്തെ അവസ്ഥ സി.കെ. ഹരീന്ദ്രൻ എംഎൽഎയാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതേ തുടര്‍ന്നാണ് സഹായഹസ്തവുമായി ബോര്‍ഡ് രംഗത്തെത്തുന്നത്. 

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ആരംഭിക്കുന്ന കഥകളിപഠനകളരിയുടെ ഉദ്ഘാടനചടങ്ങിലാണ് രമണിയ്ക്ക് വീട് പണിത് നല്‍കുന്ന കാര്യം പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. ഭക്തജനങ്ങളില്‍ നിന്ന് സമാഹരിക്കപ്പെടുന്ന തുകയുടെ ബാക്കി ദേവസ്വം ബോര്‍ഡ് ചെലവഴിക്കും. വീട് വെയ്ക്കുവാനുള്ള ആദ്യ സംഭാവന തന്ത്രി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് പ്രസിഡന്‍റിന് കൈമാറി. ക്ഷേത്രത്തിലെ ഗ്രന്ഥശാലയുടെ ഉദ്ഘാടനവും പ്രസിഡന്‍റ് നിര്‍വ്വഹിച്ചു.  Share this News Now:
  • Google+
Like(s): 477