10 July, 2018 06:55:13 PM


നേമം ബ്ലോക്കില്‍ പാല്‍ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന് തുടക്കം

പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയ ബ്ലോക്കാണ് നേമം




തിരുവനന്തപുരം :  നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ക്ഷീര സംഘങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനായി പാല്‍ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞം ആരംഭിച്ചു.  പാലില്‍ വെള്ളത്തിന്റെ അംശം കുറയ്ക്കുക, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.  ഇതിലൂടെ ഗുണമേന്മയുള്ള പാല്‍ വിപണിയില്‍ എത്തിക്കാനാകും.  പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയ ബ്ലോക്കാണ് നേമം.
 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മേല്‍നോട്ടത്തില്‍ എല്ലാ പഞ്ചായത്തംഗങ്ങളും മെമ്പര്‍മാരുടെയും സഹായത്തോടെയാണ് ജാഗ്രതാ യജ്ഞം നടന്നുവരുന്നത്.  ബ്ലോക്കിന് കീഴിലുള്ള 27 ക്ഷീര സംഘങ്ങളെയും യജ്ഞത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, സംഘങ്ങള്‍ വഴി കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തുക എന്നിവയാണ് യജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്നതെന്നും പ്രസിഡന്റ്  പറഞ്ഞു.
 
ഗുണമേന്മയുള്ള ഒരു ലിറ്റല്‍ പാലില്‍ 88 ശതമാനം വെള്ളം 3.5 ശതമാനം കൊഴുപ്പ് 8.5 ശതമാനം എസ്.എന്‍.എഫ്  എന്നിവയാണ് വേണ്ടത്.  എന്നാല്‍ ചില ഘട്ടങ്ങില്‍ വെള്ളത്തിന്റെ അംശം കൂടുന്നതിനാല്‍ പാലിന്റെ ഗുണമേന്മ സ്വാഭാവികമായി നഷ്ടപ്പെടുന്നു. ഇത് കാരണം സൈാസൈറ്റികളില്‍ നിന്ന് ക്ഷീര കര്‍ഷര്‍ക്ക് ലഭിക്കേണ്ട തുകയിലും കുറവ് വരും.  ഗുണമേന്മയുള്ള പാല്‍ ലിറ്ററിന് 33.33 രൂപയാണ് നിലവില്‍ ക്ഷീരസംഘങ്ങള്‍ നല്‍കുന്നത്.
 
നിലവില്‍ ബ്ലോക്കിന് കീഴിലെ ക്ഷീരകര്‍ഷകര്‍ എത്തിക്കുന്ന പാലിന്റെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ശേഖരിച്ചിട്ടുണ്ട്. പാല്‍ഗുണ നിയന്ത്രണ ജാഗ്രയജ്ഞം അവസാനിച്ച ശേഷം പുരോഗതി വിലയിരുത്തും. നിലവില്‍ 18,400 ലിറ്റര്‍ പാലാണ് പ്രതിദിനം ബ്ലോക്കിന് കീഴിലെ ക്ഷീരസംഘങ്ങളില്‍ എത്തുന്നത്.  ഇത് 20,000 ലിറ്ററാക്കി ഉയര്‍ത്താനും യജ്ഞംകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.  ഓഗസ്റ്റിലാണ് പാല്‍ഗുണ നിയന്ത്രണ ജാഗ്രയജ്ഞം അവസാനിക്കുക



Share this News Now:
  • Google+
Like(s): 12