11 July, 2018 07:44:57 AM
നാലു മണിക്കൂറിനുള്ളിൽ മൂന്ന് ടൺ സാധനങ്ങൾ ബഹിരാകാശത്ത്; റെക്കോഡിട്ട് റഷ്യ
പ്രോഗ്രസ് യാത്രയ്ക്കെടുത്തത് മൂന്നു മണിക്കൂര്‍ 48 മിനിറ്റ്

മോസ്കോ: രാജ്യാന്തര ബഹിരാകാശനിലയത്തിൽ റെക്കോഡ് വേഗത്തിൽ സാധനങ്ങൾ എത്തിച്ച് റഷ്യൻ ബഹിരാകാശ ഏജൻസി റോസ് കോസ്മോസ് പുതിയ ഉയരത്തിൽ. ആഹാരവും ഇന്ധനവും മറ്റുമടങ്ങുന്ന മൂന്ന് ടൺ സാധനങ്ങളാണ് പ്രോഗ്രസ് 70 എന്ന ആളില്ലാ പേടകം ബഹിരാകാശനിലയത്തിലെത്തിച്ചത്. മൂന്നുമണിക്കൂറും 48 മിനിറ്റുമാണ് പ്രോഗ്രസ് യാത്രയ്ക്കായെടുത്തത്. സാധാരണയായി രണ്ട് ദിവസമെങ്കിലും വേണ്ടിവരുന്ന സ്ഥാനത്താണിത്.
സോയൂസ് ബൂസ്റ്റർ റോക്കറ്റിന്റെ പുതുപതിപ്പ് ഉപയോഗിച്ചതുകൊണ്ടാണ് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. പ്രോഗ്രസിന്റെ യാത്ര നാസ ടി.വി.തൽസമയം സംപ്രേഷണം ചെയ്തിരുന്നു. നാസയിലെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെയും റഷ്യയിലെയും ആറ് യാത്രികരാണ് ഇപ്പോൾ അന്താരാഷ്ട്രനിലയത്തിലുള്ളത്