13 July, 2018 09:48:21 PM


രാജ്യപുരോഗതിയില്‍ ഗവേഷണത്തിനുള്ള പങ്ക് ഏറെ വലുത് - ഡോ.സാബു തോമസ്

പ്രവേശന പരീക്ഷകളില്‍ ചരിത്ര വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു




കോട്ടയം: ഗവേഷണം രാജ്യപുരോഗതിയില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും എഞ്ചിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതോടൊപ്പം ഗവേഷണത്തിനും സമയം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും എം.ജി.യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു. മാന്നാനം കെ.ഇ. സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസ്സായി മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളില്‍ ദേശീയതലത്തിലും, സംസ്ഥാനതലത്തിലും ചരിത്ര വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുവാന്‍ സംഘടിപ്പിച്ച 'എക്‌സലന്‍ഷ്യ - 2018' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചെറുപ്പം മുതലേ വായനാശീലം നിര്‍ബന്ധമാക്കിയാലേ അവരെ ഉത്തമപൗരന്മാരാക്കി മാറ്റുവാനാകൂ എന്നും അദ്ദേഹം ചൂണ്ടികാട്ടി. 


മാന്നാനം സെന്റ് ജോസഫ് ആശ്രമാധിപന്‍ ഫാ. സ്‌കറിയ എതിരേറ്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. റാങ്ക് ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു, ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ. തോമസ് ചാഴികാടന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് പി., അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു, വാര്‍ഡ് മെമ്പര്‍ സൗമ്യ വാസുദേവന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ ജി. കുറുപ്പ്, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. സേവ്യര്‍ അമ്പാട്ട്, ഷാജി ജോര്‍ജ്, മാത്യു ജോസഫ്, ഹെഡ്മിസ്ട്രസ് ലക്ഷ്മി എസ്. കുറുപ്പ്, റാങ്ക് ജേതാവായ മാസ്റ്റര്‍ അമല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.


2017-18 അധ്യയന വര്‍ഷത്തില്‍  ഐ.എസ്.സി. ബോര്‍ഡ് പരീക്ഷയില്‍  99.25% മാര്‍ക്ക് നേടി ദേശിയ തലത്തില്‍ രണ്ടാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ എസ്സ്. ആദിത്യ കൃഷ്ണ, കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്കുള്‍പ്പെടെ വിവിധ പരീക്ഷകളില്‍ ആദ്യ റാങ്കുകള്‍ കരസ്ഥമാക്കിയ അമല്‍ മാത്യു, രണ്ടാം റാങ്ക് നേടിയ ശബരികൃഷ്ണ എം., മൂന്നാം റാങ്ക് നേടിയ ഡെനിന്‍ ജോസ്, അഞ്ചാം റാങ്ക് നേടിയ ഋഷികേശ് എസ്സ്., എയിംസ് പ്രവേശന പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്കും ദേശീയ തലത്തില്‍ 27-ാം റാങ്കും നേടിയ ജോഷ്വ എബ്രഹാം ഇസഹാക്ക്, നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ അഞ്ചാം റാങ്ക് നേടിയ മെറിന്‍ മാത്യു, കേരള ഫാര്‍മസി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നിര്‍മല്‍ ജെ., ഹയര്‍ സെക്കണ്ടറി പ്ലസ്ടു പരീക്ഷയില്‍ 100% മാര്‍ക്ക് നേടിയ ഹില്‍മി പര്‍വീ, ഫസ്‌ന ഹാരീസ് തുടങ്ങി നൂറോളം കുട്ടികളെ ചടങ്ങില്‍  ആദരിച്ചു.



Share this News Now:
  • Google+
Like(s): 1512