14 July, 2018 09:54:19 PM


മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കരുളായി പാത്തിപ്പാറ പുത്തന്‍പുരക്കല്‍ മത്തായിയാണ് മരിച്ചത്




മലപ്പുറം: മൂത്തേടം വട്ടപ്പാടം ജനവാസ കേന്ദ്രത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്​കന്‍ കൊല്ലപ്പെട്ടു. കരുളായി പാത്തിപ്പാറ സ്വദേശി പുത്തന്‍പുരക്കല്‍ മത്തായിയാണ് (45) മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച രണ്ടരയോടെ വട്ടപ്പാടം കോളനിക്ക് സമീപമാണ് സംഭവം. കരുളായി ചന്തയില്‍ ഉണക്കമീന്‍ കച്ചവടം നടത്തുന്ന മത്തായി വട്ടപ്പാടത്ത് വാടകക്ക് താമസിച്ചുവരുകയായിരുന്നു.

വെള്ളിയാഴ്ച ചന്ത കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ ഇവിടെയെത്തിയ ശേഷം ത​​ന്‍െറ ജീപ്പിലായിരുന്നു കിടന്നുറങ്ങിയത്. ഒന്നര കിലോമീറ്റര്‍ അകലെയുള്ള ജനവാസ കേന്ദ്രത്തിലേക്ക് എത്തിയ ഒറ്റക്കൊമ്പനെ കണ്ട് നായ്ക്കള്‍ കുരച്ചതോടെ മത്തായി ഉണര്‍ന്നു. ജീപ്പി​​ന്‍റെ പിറകുവശത്തെ സീറ്റില്‍ തുമ്പിക്കൈ കണ്ട് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് കരുതുന്നു. 

വയറിലും മുതുകിലും മുഖത്തും കുത്തേറ്റു. സമീപത്തെ കോളനിവാസികളാണ് പൊലീസിലും വനംവകുപ്പിലും വിവരമറിയിച്ചത്. പുലര്‍ച്ച നാലോടെ സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തോട്ടം കാവല്‍ക്കാരനായി ജോലി നോക്കിയിരുന്ന മത്തായി ഒരു വര്‍ഷത്തോളമായി വട്ടപ്പാടത്താണ് താമസിക്കുന്നത്. അവിവാഹിതനാണ്. പിതാവ്: തോമസ്. മാതാവ്: ശോശാമ്മ. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം വൈകീട്ടോടെ പുല്ലഞ്ചേരി മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും വന്യമൃഗശല്യം ചെറുക്കാന്‍ ഫലപ്രദ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചും യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ മൂത്തേടം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.



Share this News Now:
  • Google+
Like(s): 70