18 July, 2018 04:54:46 PM
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാം : കേരളം സുപ്രിം കോടതിയില്‍
പൊതു ആരാധനാലയത്തില്‍ എല്ലാവരേയും പ്രവേശിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധം

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനമാകാമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ശബരിമലയില്‍ പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയുടെ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.
ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്ക്കും ഒരുപോലെ ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊതു ആരാധനാലയത്തില്‍ എല്ലാവരേയും പ്രവേശിപ്പിക്കണം. അല്ലെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
പൊതുസ്ഥലമായ ക്ഷേത്രത്തില്‍ നിന്ന് ഏതെങ്കിലും ശാരീരിക അവസ്ഥയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്നു ദേവസ്വം ബോര്‍ഡ് വാദിച്ചെങ്കിലും കേസിന്റെ അന്തിമ വാദം നടക്കുമ്പോള്‍ ഭരണഘടനാപരമായ എന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ ബോര്‍ഡിന്റെ ആവശ്യം പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാടെടുത്തത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും സ്ത്രീപ്രവേശന വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്നും വാദത്തിനിടെ കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഇടയ്ക്കിടയ്ക്കുള്ള നിലപാടുമാറ്റത്തെ സുപ്രിം കോടതി വിമര്‍ശിച്ചു. ഇത് നാലാമത്തെ തവണയാണ് കേരളം നിലപാട് മാറ്റുന്നതെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ 2007ല്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലവും കേരളം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മേയില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു പുതിയ സത്യവാങ്മൂലം നല്കി. യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പരിഗണിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.
ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്കി. കേസ് 2019 ഫെബ്രുവരിയിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, ഇന്ദു മല്‍ഹോത്ര, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്.