28 July, 2018 11:38:18 AM


ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച യുവാവിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല

മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളെന്ന് ബന്ധുക്കള്‍


പാറശ്ശാല : എക്സൈസ് സംഘം പിടികൂടി റിമാന്‍ഡ് ചെയ്ത പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കേ മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തി. മരണപ്പെട്ട അനീഷിന്റെ ശരീരത്തില്‍ വ്യാഴാഴ്ച മൃതദേഹ പരിശോധനക്കിടെ കണ്ട പാടുകള്‍ മര്‍ദനമേറ്റതിന്റെ ഭാഗമായുള്ളതാണെന്ന ആരോപണവുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. അനീഷ് മരണപ്പെട്ട് മൂന്ന് ദിവസമായിട്ടും മൃതദേഹം സ്വീകരിക്കാനും ബന്ധുക്കള്‍ തയ്യാറായിട്ടില്ല.


വെള്ളിയാഴ്ച രാവിലെ മൃതദേഹം ഏറ്റുവാങ്ങാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബന്ധുക്കള്‍ പിന്‍വാങ്ങി. വെള്ളിയാഴ്ച രാവിലെ കളിയിക്കാവിള ഇടവക കമ്മിറ്റി അടിയന്തരമായി വിളിച്ചു കൂട്ടുകയും അനീഷിന്റെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം തമിഴ്നാട്ടില്‍ കൊണ്ടുവന്ന് പുനര്‍ മൃതദേഹ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പോലീസിന് പരാതി നല്‍കാന്‍ തീരുമാനിച്ചു.


അനീഷ് മരണപ്പെടുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും ഡി.ജി.പി. ക്കും എക്സൈസ് കമ്മിഷണര്‍ക്കും പരാതി നല്‍കാന്‍ വെള്ളിയാഴ്ച കൂടിയ ഇടവക കമ്മിറ്റി തീരുമാനിച്ചു. തമിഴ്നാട്ടില്‍ വീണ്ടും മൃതദേഹപരിശോധന നടത്താന്‍ അനുമതി ലഭിച്ചാല്‍ ശനിയാഴ്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏറ്റു വാങ്ങുന്നതിനെക്കുറിച്ച് ശനിയാഴ്ച രാവിലെ കൂടുന്ന കമ്മിറ്റി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


വ്യാഴാഴ്ച അനീഷിന്റെ മൃതദേഹം പരിശോധനയ്‌ക്കെടുത്തപ്പോള്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മൃതദേഹം കാണാനായി മോര്‍ച്ചറിക്കുള്ളില്‍ പോയ ബന്ധുക്കളാണ് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ആരോപിക്കുന്നത്. അനീഷിന്റെ ഇടത് മുതുകിലായും കൈത്തണ്ടയിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.


മുതുകിലെ പാടുകള്‍ ഇവര്‍ തന്നെ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് പുറത്ത് എത്തിക്കുകയായിരുന്നു. കേരളത്തില്‍ മൃതദേഹ പരിശോധന നടത്തിയവര്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് തമിഴ്നാട്ടില്‍ വീണ്ടും മൃതദേഹ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തൂങ്ങി മരണമാണെന്നും മരണപ്പെട്ട് രണ്ട് ദിവസത്തോളമായതിനാല്‍ മൃതദേഹത്തിന് വന്ന നിറമാറ്റം ബന്ധുക്കള്‍ മര്‍ദനമേറ്റത് മൂലമുണ്ടായതാണെന്ന് സംശയിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 140