01 August, 2018 07:41:54 AM


അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാക്കുവാന്‍ മുലയൂട്ടൽ - ഒരു ഓർമപ്പെടുത്തൽ

അല്‍പം ശ്രദ്ധ കാണിച്ചാൽ മുലയൂട്ടൽ നിരക്ക് നമുക്ക് ഉയർത്താൻ സാധിക്കുംലോകാരോഗ്യ സംഘടന, വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ (WABA ) എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും  ഓഗസ്റ്റ് 1 മുതൽ  7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. ഭാരതത്തിൽ  ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണൽ നിയനാറ്റോളജി  ഫോക്സസ് എന്ന സംഘടനകളുടെ അഭിമുഖ്യത്തിലും ഇതേ ദിവസങ്ങളിൽ  മുലയൂട്ടൽ വാരാചരണം നടത്തുന്നു 

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതൽ ആളുകളെ ബോധവാന്മാരാക്കുകയും വിജയകരമായി മുലയൂട്ടാൻ കൂടുതൽ അമ്മമാരേ പ്രാപ്തമാക്കുകയും ചെയ്യുക വഴി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുലയൂട്ടൽ വാരാചരണം നടത്തുന്നത് 

കേരളത്തിൽ ഇന്ത്യൻ  അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിർദേശമനുസരിച്ച്  ആദ്യത്തെ ആറു മാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രവും ആറു മാസത്തിനു ശേഷം മുലപ്പാലിനോടൊപ്പം മറ്റു ആഹാര സാധനങ്ങളും കൊടുക്കേണ്ടതാണ്. തലച്ചോറിൻറെ  വികാസം 90 %   നടക്കുന്ന രണ്ടു വയസു വരെയെങ്കിലും  മുലപ്പാൽ തുടരേണ്ടതുമാണ്.

പക്ഷെ ഇന്ത്യയിൽ, എന്തിനു കേരളത്തിൽ പോലും സ്ഥിതി അത്ര  ആശാവഹമല്ല, എൻ എഫ് എച്ച് എസ് - ത്രീ (NFHS -3) ഡാറ്റയാനുസരിച്ച് 55% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ കിട്ടുന്നത്. അതുപോലെ തന്നെ 56% കുഞ്ഞുങ്ങൾക്ക് മാത്രമാണ് ആദ്യത്തെ ആറു മാസം മുലപ്പാൽ മാത്രം കിട്ടുന്നത്. പലപ്പോഴും കാര്യങ്ങളെപറ്റി ശരിയായ അവബോധമില്ലാത്തതും പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവുമാണ്  മുലയൂട്ടലിൽ നാം ഇത്ര പിന്നിലാവാനുള്ള കാരണം. മുലപ്പാലിന്റെ ഗുണങ്ങളെക്കുറിച്ചു പറയാനാണെങ്കിൽ  ഈ ലേഖനം മതിയാവുകയില്ല.

പക്ഷെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാൽ ഒരു മനുഷ്യന്റെ ശാരീരിക  ബൗദ്ധിക വികാസത്തിൽ  വലിയ പങ്കു വഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആദ്യത്തെ ആയിരം ദിവസങ്ങൾ. എന്ന് വെച്ചാൽ  ഗർഭാവസ്ഥയിലുള്ള  ഒമ്പതു മാസവും തുടർന്ന് രണ്ടു വയസ്സു വരെയുള്ള കാലയളവും. കാരണം തലച്ചോറിന്റെ വളർച്ച 90 ശതമാനവും നടക്കുന്നത് ഈ കാലയളവിലാണ്. ഈ കാലഘട്ടത്തിലെ സംഭവ വികാസങ്ങളും ഭക്ഷണ  ക്രമവും ശീലങ്ങളുമൊക്കെ നമ്മുടെ ഭാവിയെയും അടുത്ത തലമുറകളെത്തന്നെയും ബാധിക്കും എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ന്യൂട്രീഷണൽ പ്രോഗ്രാമിങ് എന്നാണ് ഇതിനെ പറയുന്നത്   

ജനിച്ചയുടനെ  തൂക്കമുള്ള വേറെ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞിന് എത്രയും പെട്ടെന്നു മുലപ്പാൽ നൽകാം സിസേറിയൻ മുഖേനയുള്ള പ്രസവമായാൽപോലും എത്രയും പെട്ടെന്ന് മുലപ്പാൽ  നൽകണം. ജനിച്ച ആദ്യത്തെ മണിക്കൂറുകളിൽ കുട്ടി ഉറങ്ങാതെ ഉണർന്നിരിക്കും ഈ സമയത്ത് പാൽ കുടിപ്പിച്ചു തുടങ്ങാവുന്നതാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാനും അതുവഴി അമ്മക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ഇത് സഹായിക്കും അതിനുശേഷം കുഞ്ഞിന്റെയും അമ്മയുടെയും സൗകര്യവും ആവശ്യവും അനുസരിച്ച് മുല കുടിപ്പിക്കാവുന്നതാണ്. പക്ഷെ ഒന്നര മണിക്കൂറിനും രണ്ടു മണിക്കൂറിനും ഇടവിട്ടുള്ള സമയമാണ് പാൽ ഉണ്ടാകാൻ സഹായകമാകുന്നത് 

ആദ്യത്തെ ദിവസങ്ങളിൽ കൂടുതൽ കേൾക്കാറുള്ള പരാതിയാണ് പാൽ കുറവാണു എന്നുള്ളത്. ഈ ദിവസങ്ങളിൽ ശരിയായ ഉപദേശവും സഹായവും അമ്മമാർക്ക് കിട്ടിയില്ലെങ്കിൽ മുലയൂട്ടൽ പരാജയമായിത്തീരും ഈ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും മുതിർന്നവരുടെയും ശ്രദ്ധ വളരെ അത്യാവശ്യമാണ് നമ്മുടെ ആശുപത്രികളിൽ ഡോക്ടർമാരും നേഴ്‌സുമാരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കാണിച്ചാൽ നമ്മുടെ മുലയൂട്ടൽ നിരക്ക് നമുക്ക് തീർച്ചയായും നമുക്ക് ഉയർത്താൻ സാധിക്കും  തികച്ചും പ്രകൃതി ദത്തമായ ഈ രീതിയിൽ പ്രത്യേക ശ്രദ്ധ നൽകി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം  

- ഡോ. സോളി മാനുവൽ 

(നിയനാറ്റോളജിസ്റ്റ്, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ,അങ്കമാലി) Share this News Now:
  • Google+
Like(s): 586