02 August, 2018 10:20:09 PM
കൊട്ടിയൂര്‍ പള്ളി മേടയിലെ പീഡനം: പെണ്‍കുട്ടിയ്ക്ക് പിന്നാലെ അമ്മയും കൂറുമാറി
വൈദികനുമായി ബന്ധപ്പെട്ടത് സ്വന്തം താല്പര്യത്തോടെയെന്ന് പെണ്‍കുട്ടി

കണ്ണൂര്‍: കൊട്ടിയൂരിലെ പള്ളിമേടയില്‍ പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. വൈദികനെതിരെ പരാതിയില്ലെന്നും പെണ്‍കുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും ഇവര്‍ മൊഴി നല്കി. കഴിഞ്ഞ ദിവസം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (ഒന്ന്) കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പരാതിക്കാരിയും കൂറുമാറിയിരുന്നു.
കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന് സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
തുടര്‍ന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികന് റോബിന് വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, അപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു.