14 August, 2018 03:18:02 PM


പമ്പ കരകവിഞ്ഞു; നിറപുത്തരി ആഘോഷത്തിന് തന്ത്രി പുല്ലുമേട് വഴി ശബരിമലയിലെത്തും

ജാഗ്രത പ്രഖ്യാപിച്ചതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ വിലക്കി




പത്തനംതിട്ട: കനത്തമഴയില്‍ പമ്പ കരകവിഞ്ഞ് ഒഴുകുന്ന പശ്ചാത്തലത്തില്‍ തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും. തന്ത്രിയും പത്തംഗസംഘവും വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴി യാത്ര തിരിച്ചു. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ്- ദുരന്തനിവാരണ അതോറിറ്റി- റവന്യൂ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്‌.


പമ്പയില്‍ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്തേക്കുള്ളവര്‍ രണ്ടു സംഘമായി തിരിഞ്ഞാണ് ശബരിമലയിലേക്ക് പോകുക. രണ്ടാമത്തെ സംഘം പമ്പയാറിന് സമീപം ക്യാമ്പു ചെയ്യും. ജലനിരപ്പ് കുറഞ്ഞാല്‍ പമ്പവഴി അവര്‍ സന്നിധാനത്തിലേക്ക് പോകും.


പമ്പയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ശബരിഗിരി പദ്ധതിയുടെ പമ്പ ആനത്തോട് ഡാമുകള്‍ തുറന്നതോടെയാണ് ജലനിരപ്പുയര്‍ന്നത്. ചൊവ്വാഴ്ച നിറപുത്തരിക്കായി ക്ഷേത്ര നട തുറക്കാനിരിക്കേ ത്രിവേണിയും മണപ്പുറവും പ്രളയത്തില്‍ മുങ്ങിയിരുന്നു. ജാഗ്രത പ്രഖ്യാപിച്ചതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ വിലക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 215