14 August, 2018 10:04:22 PM


തന്ത്രിക്ക് ശബരിമലയില്‍ എത്താനായില്ല; ഭക്തരും തന്ത്രിയും ഇല്ലാതെ നിറപുത്തരിക്ക് നട തുറന്നു

ബുധനാഴ്ച രാവിലെ ആറിന് മേല്‍ശാന്തി നിറപുത്തരി ചടങ്ങുകള്‍ നടത്തും




പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് പമ്പാ നദി കുറുകെ കടക്കാനാവാനായതോടെ കാട്ടിലൂടെ യാത്ര തിരിച്ച തന്ത്രിക്ക് ഇനിയും ശബരിമലയില്‍ എത്താനായില്ല. നെല്‍ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യാത്ര ഉപ്പുപാറക്കടുത്ത് നിര്‍ത്തിവെച്ചു. ഇതിനിടെ നിറപുത്തരി ചടങ്ങുകള്‍ക്ക് അച്ചന്‍ കോവിലില്‍ നിന്ന് എത്തിച്ച നെല്‍ക്കതിരുകള്‍ ശബരിമല സന്നിധാനത്തെത്തിച്ചു. തന്ത്രിയുടെ സാന്നിധ്യമില്ലാതെയും ഭക്തരുടെ ശരണം വിളികള്‍ ഇല്ലാതെയും ശബരിമല നട ഇന്ന് വൈകിട്ട് തുറന്നു. നാളെ രാവിലെ ആറിന് തന്നെ മേല്‍ശാന്തി നിറപുത്തരി ചടങ്ങുകള്‍ നടത്തും.


തന്ത്രിയും സംഘവും ഇന്ന് വനംവകുപ്പിന്‍റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും. കനത്ത മഴയും മൂടല്‍ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്. മാത്രമല്ല തീര്‍ഥാടന കാലമല്ലാത്തതിനാല്‍ പാത ഏറെ ദുര്‍ഘടമായിരിക്കുന്നതും യാത്ര നിര്‍ത്തിവെക്കാന്‍ കാരണമായി.  നാളെ രാവിലെ കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് യാത്ര തുടരും. 


Share this News Now:
  • Google+
Like(s): 309