15 August, 2018 10:27:22 AM


പാലക്കാട് മഴ ശക്തമായി: ആറു ഡാമുകള്‍ തുറന്നു; 2000ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു




പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇടയ്‌ക്കൊന്ന് ശമിച്ച മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ജില്ലയില്‍ മാത്രം ആറു ഡാമുകളാണ് തുറന്നിരിക്കുന്നത്. പുഴകളെല്ലാം കര കവിഞ്ഞൊഴുകുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 17 ദുരിതതാശ്വാസ ക്യമ്പുകളിലായി 2000ഓളം പേരെയാണ് ഇതുവരെ മാറ്റി പാര്‍പ്പിച്ചത്. 



ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ, പോത്തുണ്ടി, മംഗലം, മീങ്കര ഡാമുകള്‍ക്ക് പുറമെ ചുള്ളിയാര്‍, വാളയാര്‍ തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ആലത്തൂര്‍ ഗായത്രി പുഴക്ക് കുറുകെയുള്ള വെങ്ങന്നൂര്‍ പാലവും കാവശ്ശേരി പത്തനാപുരം പാലവും കവിഞ്ഞത്തിനാല്‍ പ്രദേശവാസികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശേഖരപുരം, കല്‍പ്പാത്തി, ശംഖുവാര മേട് തുടങ്ങി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ എല്ലാം വെള്ളം കയറിയിട്ടുണ്ട്. മിക്ക കുടുംബംങ്ങളെയും മാറ്റി പാര്‍പ്പിച്ചു. പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു



നിലവില്‍ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 2000 തോളം പേരേയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്ന കുറച്ചു പേരെ തൊഴില്‍ വകുപ്പിന്‍റെ കീഴിലുള്ള അപ്നഘര്‍ ഭവനത്തിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടം ആലോചിക്കുണ്ട്. പല മേഖലകളിലും വെള്ളം കയറി തുടങ്ങിയ സാഹചര്യത്തില്‍, അഗ്‌നിശമന സേനയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിന് പുറമെ ഭക്ഷണപൊതി ഉള്‍പ്പടെയുള്ള സേവനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നുണ്ട്.



ജില്ലയിലെ ഈ സാഹചര്യം കണക്കിലെടുത്ത് അട്ടപ്പാടി, നെല്ലിയാമ്പതി, മംഗലം തുടങ്ങി ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള മേഖലകളില്‍ എല്ലാം ഗതാഗതത്തിന് ഉള്‍പ്പടെ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മംഗലം, അയിലൂര്‍, ഗായത്രി, മുക്കം, കല്‍പ്പാത്തി, ഭാരതപുഴ, വാളയാര്‍ പുഴ തീരത്തുളളവര്‍ക്കും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.


- സംഗീത എന്‍.ജി.



Share this News Now:
  • Google+
Like(s): 73