17 August, 2018 02:02:20 PM


പ്രളയക്കെടുതി: ഇന്ധനക്ഷാമം വര്‍ദ്ധിക്കുന്നു; പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്

എല്‍പിജി വിതരണത്തേയും സാരമായി ബാധിച്ചേക്കും




കോട്ടയം: കനത്ത പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനക്ഷാമം ഏറുന്നു. പെട്രോളിനു ഡീസലിനും ക്ഷാമമുണ്ടാകുമെന്ന വാര്‍ത്ത പരന്നതോടെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ഇന്ന് എല്ലാ പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനാവുന്നത്. 
 
പെരിയാര്‍ കര കവിഞ്ഞൊഴുകി എറണാകുളം ജില്ല വെള്ളത്തിനടിയിലായതോടെ ഇന്ധനത്തിന്‍റെ വരവ് നിലക്കുമെന്ന് നേരത്തെ തന്നെ ശ്രുതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായ വയനാട് പോലുള്ള ജില്ലകളില്‍ ഇന്ധനലഭ്യത കുറഞ്ഞു തുടങ്ങിയത്. പമ്പുകള്‍ മണ്ണിനും വെള്ളത്തിനുമടിയിലായതാണ് ഈ പ്രദേശങ്ങളില്‍ ഇന്ധനക്ഷാമത്തിന് ആദ്യകാരണമായത്. ഡാമുകള്‍ തുറന്ന് നദികളെല്ലാം കരകവിഞ്ഞതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു.

എറണാകുളം നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലാതോടെ റിഫൈനറികളില്‍ നിന്നും ഇന്ധനനീക്കം കുറഞ്ഞു. വെള്ളത്തിന്‍റെ അംശമില്ലാതെ ടാങ്കര്‍ ലോറികളില്‍ ഇന്ധനം നിറക്കുന്നതിനുള്ള താമസവും നേരിടിന്നുണ്ട്. ഇതിനിടെയാണ് വെള്ളപൊക്കം രൂക്ഷമായി ഡ്രൈവര്‍മാര്‍ ജോലിക്കെത്താതായത്. ഇതോടെ നല്ലൊരു ശതമാനം ടാങ്കര്‍ ലോറികളും മുന്നോട്ട് നീങ്ങാതായി. 

വയനാട് പോലുള്ള പ്രദേശങ്ങളിലാണ് ഇന്ധനക്ഷാമം ആദ്യം നേരിട്ടതെങ്കിലും ഇപ്പോള്‍ കോട്ടയം ഉള്‍പ്പെടെ മറ്റ് ജില്ലകളിലേക്കും ബാധിച്ചിരിക്കുകയാണ്. പമ്പുകള്‍ക്ക് വെളിയില്‍ നിരത്തുകളില്‍ പെട്രോളും ഡീസലും നിറയ്ക്കാന്‍ മണിക്കൂറുകളായി കാത്തുകിടക്കുന്ന വാഹനങ്ങളെ പലയിടത്തും കാണാം.


Share this News Now:
  • Google+
Like(s): 104