27 August, 2018 03:25:25 PM


ആരോഗ്യ മന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്നവര്‍ക്ക്

ഓണാവധി മാറ്റി വച്ച്‌ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരികയാണ് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍




തിരുവനന്തപുരം: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ അഭ്യര്‍ത്ഥന മാനിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കൂടിയ ജീവനക്കാരുടെ യോഗത്തിലാണ് ഐകകണ്‌ഠേന തീരുമാനമെടുത്തത്. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.


മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ഓണാവധി മാറ്റി വച്ച്‌ 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരികയാണ്. ആരോഗ്യ വകുപ്പിലെ ആയിരക്കണക്കിന് ജീവനക്കാരാണ് വിശ്രമമില്ലാതെ ക്യാമ്ബുകളില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രിയുടെ ഓഫീസ് ജീവനക്കാരും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നത്.


ആരോഗ്യ വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു വരുന്നു. ദിവസവും നിരവധി കോളുകളാണ് വിവിധ സേവനങ്ങള്‍ക്കായി വിളിക്കുന്നത്. 1800 425 1077 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. ദുരിതാശ്വസ മേഖലയിലെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇതില്‍ വിളിച്ചറിയിച്ചാല്‍ സത്വര നടപടികളെടുക്കുന്നതാണ്.



Share this News Now:
  • Google+
Like(s): 134