28 August, 2018 08:43:35 AM


സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം ഉരിഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തി: ഒരാള്‍ അറസ്റ്റില്‍

സൈക്കിളില്‍ സഞ്ചരിക്കവെ ഏഴ് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്

 



ഗയ: ബീഹാറില്‍ ഏഴുപേര്‍ ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം ഉരിയുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. സൈക്കിള്‍ ഓടിച്ചു വന്ന പെണ്‍കുട്ടിയെ കൈകാണിച്ച് നിര്‍ത്തുകയും വലിച്ചിഴച്ച് മറ്റൊരു റോഡിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ പെണ്‍കുട്ടിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അയാളെ തള്ളിമാറ്റിയാണ് മറ്റുള്ളവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുവന്നത്.


ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഒരു ദിവസത്തിനുള്ളില്‍ ബീഹാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവമാധ്യമങ്ങളില്‍ പരന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വാട്‌സാപ്പിലൂടെ ദൃശ്യം ലഭിച്ചയുടന്‍തന്നെ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും നിര്‍ദ്ദേശം നല്‍കിയെന്ന് സഹര്‍സ പോലീസ് എസ്പി രാകേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.


എന്നാല്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ താത്പര്യപ്പെടുന്നില്ലെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിച്ചതിന്റെ പേരില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്തപുറത്തുവന്നത്



Share this News Now:
  • Google+
Like(s): 139