28 August, 2018 08:49:59 AM


പത്തു മാസമായി ശമ്പളമില്ല; ഇന്ത്യക്കാരടക്കം അറുപതോളം തൊഴിലാളികള്‍ സൗദിയില്‍ ദുരിതത്തില്‍

കേബിള്‍ ജോലികള്‍ സബ് കോണ്‍ട്രാക്ട് ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയിലെ തൊഴിലാളികളാണ് ദുരിതത്തിലായത്



ജിദ്ദ: പത്തു മാസമായി ശമ്പളം ലഭിക്കാതെയും ഇഖാമ പുതുക്കാതെയും ദുരിതത്തിലായ ഇന്ത്യക്കാരായ അന്‍പതോളം തൊഴിലാളികള്‍ എംബസിയില്‍ പരാതിയുമായെത്തി. സഊദിയിലെ വിവിധ ടെലിഫോണ്‍, മൊബൈല്‍ സേവന ദാതാക്കളുടെ കേബിള്‍ ജോലികള്‍ സബ് കോണ്‍ട്രാക്ട് ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയിലെ തൊഴിലാളികളാണ് ശമ്പള കുടിശ്ശിക നല്‍കി തങ്ങളെ നാട്ടിലയക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി എംബസിയെ സമീപിച്ചത്.


നാഗര്‍കോവിലിലും ചെന്നൈയിലും കമ്പനിയുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശമ്പള വിതരണത്തിനായി നല്‍കിയ എ.ടി.എം. കാര്‍ഡ് മാസങ്ങള്‍ക്ക് മുന്‍പ് കമ്പനി തിരിച്ചു വാങ്ങിയിരുന്നു. ശമ്പളം നിക്ഷേപിച്ച ശേഷം കമ്പനി മാനേജര്‍ തന്നെ എ.ടി.എം കാര്‍ഡ് വഴി അത് തിരിച്ചെടുക്കും. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്ന് കാണിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഇതു സംബന്ധിച്ച് പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കിയതായും തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് കമ്പനി ബാങ്കില്‍ ശമ്പളം നിക്ഷേപിച്ചിരുന്നില്ല.


അതേ സമയം കമ്പനിക്ക് ലഭിക്കുന്ന പണം ശമ്പളത്തിന് പോലും മാറ്റിവെക്കാതെ ഉടമ നാട്ടിലേക്ക് അയക്കുകയാണെന്നും അവിടെ ആശുപത്രി സമുച്ചയം നിര്‍മിക്കുകയാണെന്നുമാണ് തൊഴിലാളികളുടെ പരാതി. നിലവില്‍ പത്തു മാസത്തിലധികമായി ഇവര്‍ക്ക് ശമ്പളം കിട്ടിയിട്ട്. അതിനാല്‍ തന്നെ സ്വന്തം ചെലവിനും നാട്ടിലെ കുടുംബത്തിന്റെ ചെലവിനും മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇന്ത്യക്കാരും പാകിസ്താനികളും നേപ്പാളികളുമാണ് കമ്പനയില്‍ ജോലി ചെയ്യുന്നത്.


തൊഴിലാളികള്‍ ഒന്നിച്ച് പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ എല്ലാവരെയും കമ്പനിയുടെ വിവിധ സൈറ്റുകളിലായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ശമ്പളം നല്‍കുന്നില്ലെങ്കിലും എല്ലാ ദിവസവും കനത്ത വെയിലത്ത് പോലും ജോലി ചെയ്യിപ്പിക്കുണ്ടെന്ന് ഇവര്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ കള്ളക്കേസ് നല്‍കി ജയിലിലടപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ ഭീഷണി മുഴക്കിയിട്ടുമുണ്ടത്രേ. 



Share this News Now:
  • Google+
Like(s): 122