03 September, 2018 12:23:42 PM
കാമുകനൊപ്പം പോകാന്‍ മക്കളെ വിഷം നല്കി കൊന്നു; വീട്ടമ്മ അറസ്റ്റിൽ
ഭര്‍ത്താവിനെ വക വരുത്താനുള്ള ശ്രമം പാളി

ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടാൻ മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുണ്ട്രത്തൂര് സ്വദേശി അഭിരാമി(25)യാണ് പിടിയിലായത്. നാഗർകോവിലിൽവച്ച് അഭിരാമിയെയും ചെന്നൈയിൽനിന്ന് കാമുകനെയും പൊലീസ് പിടികൂടുകയായിരുന്നു.
കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി തുറന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. മക്കളായ അജയ് (7), കരുമില (5) എന്നിവരെയാണ് പാലിൽ വിഷം നല്കി കൊലപ്പെടുത്തിയത്. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ക്രോംബപെട്ടിലെ സർക്കാർ ആശുപത്രിയിൽ അയച്ചതായി കുണ്ട്രത്തൂർ പൊലീസ് പറഞ്ഞു.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയ്കുമാറിന്റെ ഭാര്യയാണ് അഭിരാമി. വിജയ്കുമാറും അഭിരാമിയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. എട്ടു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് കുണ്ട്രത്തൂരിലേക്ക് താമസം മാറിയത്. വീടിനടുത്തുള്ള ബിരിയാണി കടയിൽ മിക്ക ദിവസങ്ങളിലും വിജയ്കുമാറും കുടുംബവും പോകാറുണ്ടായിരുന്നു.
അവിടെവച്ചാണ് കടയിലെ ജീവനക്കാരനായ സുന്ദരവുമായി അഭിരാമി അടുപ്പത്തിലായത്. ഈ അടുപ്പം പിന്നീട് തീവ്രപ്രണയമായി മാറുകയും ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കുടുംബത്തെ മുഴുവൻ ഇല്ലാത്താക്കിയതിനു ശേഷം ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം എന്നായിരുന്നു ഇരുവരുടേയും പദ്ധതി. തുടർന്ന് വെള്ളിയാഴ്ച്ച രാത്രി മക്കളെയും ഭർത്താവിനെയും കൊല്ലാൻ അഭിരാമി തീരുമാനിച്ചു. പാലിൽ വിഷം കലര്‍ത്തിയാണ് അഭിരാമി മക്കളെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് ഭര്‍ത്താവിനെയും വകവരുത്തുന്നതിനായി അഭിരാമി കാത്തിരുന്നു. എന്നാല്‍, ബാങ്കിലെ ജോലിത്തിരക്ക് കാരണം വിജയ്കുമാര്‍ വീട്ടിലെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമിയും സുന്ദരവും നാടുവിടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇതിനിടെയാണ് ഭാര്യയെ കാണാനില്ലെന്നത് വിജയ്കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിജയ്കുമാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.