09 September, 2018 02:30:09 PM


ആഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഒട്ടേറെ പേരുടെ തൊഴില്‍; നാട് മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുമോ ?
വെള്ളപൊക്ക ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരും ആരാധനാലയങ്ങളും വിവിധ സംഘടനകളും ആഘോഷ പരിപാടികള്‍ മാറ്റി വച്ചത് മറ്റൊരു വലിയ ദുരന്തത്തിലേക്ക് നാടിനെ നയിച്ചേക്കും. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന തങ്ങളുടെ ഭാവി തന്നെ അവതാളത്തിലാക്കുമോയെന്നാണ് തൊഴിലാളികള്‍ ഭയപ്പെടുന്നത്.

കലോത്സവങ്ങള്‍ റദ്ദാക്കുന്നതോടെ സ്റ്റേജ്, ശബ്ദവും വെളിച്ചവും, ചമയങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ജോലിയെടുക്കുന്നരോടൊപ്പം കലാകാരന്മാരും ബുദ്ധിമുട്ടിലേക്ക് നീങ്ങുകയാണ്. ഇവരില്‍ നല്ലൊരു ശതമാനവും പ്രളയത്തെ തുടര്‍ന്ന് നിലവില്‍ കഷ്ടപ്പാട് അനുഭവിക്കുന്നവരുമാണ്. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സ്റ്റേജ്, ശബ്ദവും വെളിച്ചവും മേഖലയിലാണ് ഉണ്ടാവുക.   

പ്രളയം നാടിനെ മൂടിയപ്പോള്‍ ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്ന് വന്‍സഹായമാണ് ദുരിതാശ്വാസക്യാമ്പുകളിലും മറ്റും എത്തിച്ചത്. 4000ഓളം ക്യാമ്പുകളില്‍ പൂര്‍ണ്ണമായും സൗജന്യമായി തന്നെ ജനറേറ്ററും വെളിച്ചവും ശബ്ദവും എത്തിച്ചതിന് തന്നെ എട്ട് കോടി രൂപയിലധികം ചെലവായി.  ഈ നാളുകളിലത്രയും തൊഴിലാളികള്‍ സേവനമനസ്‌കരായി മുഴുവന്‍ സമയവും രംഗത്തുണ്ടായിരുന്നു. പക്ഷേ ദുരിതാശ്വാസത്തിന്റെ പേരില്‍ കലോത്സവങ്ങളും ആഘോഷങ്ങളും വേണ്ടെന്നു വെയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്ന  ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍.

ദുരിതാശ്വാസത്തിന്റെ പേരില്‍ കുറെ അരിയും മറ്റു സാധനങ്ങളും കിട്ടിയാല്‍ ദുരിതത്തില്‍ നിന്ന് കരപറ്റാനാവില്ല. തൊഴില്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ ഉള്ള പിന്തുണയാണ് ലഭിക്കേണ്ടത്. അടുപ്പില്‍ തീ കത്തിക്കാന്‍ സഹായിക്കേണ്ടതിനു പകരം വെള്ളം ഒഴിച്ച് കെടുത്താന്‍ നോക്കരുതെയെന്നാണ് ലൈറ്റ് ആന്‍റ് സൗണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എച്ച്.ഇക്ബാല്‍ പറയുന്നത്.

സീരിയലുകള്‍ക്കും സിനിമകള്‍ക്കും ഷൂട്ടിംഗിനും തടസമില്ല. മദ്യപാനത്തിനും  വിവാഹ ധൂര്‍ത്തുകള്‍ക്കും തടസമില്ല. മൂന്നാം കിട ബിഗ് റിയാലിറ്റി ഷോകള്‍ക്ക് തടസമില്ല. ടിവി, റേഡിയോ സ്റ്റേഷനുകളിലെ പാട്ടുകള്‍ക്കും തമാശകള്‍ക്കും തടസമില്ല. ഫെയ്സ്ബുക്ക്, ഡബ്സ്മാഷ്, മ്യുസിക്കല്‍ ഷോ ഇവയ്ക്കും സോഷ്യല്‍ മീഡിയ വഴി തമാശ പറയാനും തമ്മിലടിക്കാനും തടസമില്ല. സമ്മേളനങ്ങള്‍ക്കും സമരങ്ങള്‍ക്കും  കുറവില്ല. എന്നാല്‍  സ്റ്റേജ് കലകള്‍ക്ക് മാത്രം ചെലവ് ചുരുക്കല്‍ പറഞ്ഞ് തടസം വരുത്തുന്നത് കഷ്ടമാണ്.

കലയെ ഉപജീവനമാക്കി മാത്രമാണ്  കലാകാരന്റെ ജീവിതം. കല അവന്റെ വെറും ആനന്ദമല്ല. തൊഴിലാണ്. ആയിരക്കണക്കിന് കുടുംബങ്ങളുടെ അന്നമാണ്. മറ്റൊരു തൊഴില്‍ മേഖലയ്ക്കും നേരിടാന്‍ ഇടയില്ലാത്ത അത്ര പ്രതിസന്ധിയാണ് അവരുടെ മുന്നില്‍. ക്ലബുകള്‍, ആരാധനാലയങ്ങള്‍, സാംസ്‌കാരിക സംഘങ്ങള്‍ എന്നിവയൊക്കെ സഹാനുഭൂതിയോടെ, സന്മനസോടെ ഈ സാഹചര്യം മനസിലാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.
Share this News Now:
  • Google+
Like(s): 835