13 September, 2018 01:44:52 PM


മല്യയെ ബ്രിട്ടനില്‍നിന്ന് ഇന്ത്യയില്‍ എത്തിക്കുന്ന കാര്യം: വിധി ഡിസംബർ 10 ന്

വിജയ് മല്യയെ പാര്‍പ്പിക്കാന്‍ ജയിലില്‍ വിപുലമായ സൗകര്യങ്ങളൊരുക്കി ഇന്ത്യ



ലണ്ടന്‍: സാമ്പത്തിക തട്ടിപ്പുകേസില്‍ വിജയ് മല്യയെ യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാനാകുമോയെന്ന കാര്യത്തില്‍ ഡിസംബര്‍ 10ന് വിധി പറയും. ഇംഗ്ലണ്ട് ചീഫ് മജിസ്‌ട്രേറ്റ് എമ്മ അര്‍ബുത്‌നോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്. ഇനി ജഡ്ജിമാരാണു തീരുമാനമെടുക്കേണ്ടതെന്നു കോടതിയില്‍നിന്നു പുറത്തെത്തിയ മല്യ പറഞ്ഞു.


മല്യയെ ബ്രിട്ടനില്‍നിന്നു വിട്ടുകിട്ടുന്നതിനുള്ള നടപടിയുടെ ഭാഗമായി, ഇന്ത്യയിലെ ജയിലില്‍ അദ്ദേഹത്തിനു കഴിയാനാകുമോയെന്നു വിശദമായി പരിശോധിക്കുമെന്നു ലണ്ടന്‍ കോടതി നേരത്തേ അറിയിച്ചിരുന്നു. മുംബൈ ആര്‍തര്‍ റോഡ് ജയിലിലെ 12ാം നമ്പര്‍ ബാരക്കില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന എട്ടുമിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോ കോടതിയുടെ പക്കലുണ്ട്. സിബിഐ ആണ് വിഡിയോ ഹാജരാക്കിയത്. 


9000 കോടിയുടെ ബാങ്ക് വായ്പാത്തട്ടിപ്പു കേസ് പ്രതിയായ അറുപ്പത്തിരണ്ടുകാരന്‍ വിജയ് മല്യയെ പാര്‍പ്പിക്കാന്‍ ജയിലില്‍ വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിട്ടുള്ളത്. സ്വന്തമായി ഉപയോഗിക്കാന്‍ ടിവി സെറ്റ്, ശുചിമുറി, കിടക്ക, പുറത്തിറങ്ങി നടക്കാനുള്ള സൗകര്യം എന്നിവ തയാറാക്കി. ഇന്ത്യയിലെ ജയിലുകളില്‍ സ്വാഭാവിക വെളിച്ചവും ശുദ്ധവായുവും കിട്ടാന്‍ മാര്‍ഗമില്ലെന്നു കോടതി മുന്‍പാകെ മല്യ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണു ലണ്ടന്‍ കോടതി ജഡ്ജി ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ വ്യക്തമാക്കുന്ന വിഡിയോ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.


മല്യയുടെ ജയിലിലെ മുറി കിഴക്കോട്ടു ദര്‍ശനമായുള്ളതാണ്. അതുകൊണ്ടു സൂര്യപ്രകാശം ധാരാളം ലഭിക്കുമെന്നു സിബിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. വൃത്തിയുള്ള ജയില്‍മുറി, പുറത്തു നടക്കാനുള്ള സൗകര്യം, ലൈബ്രറി, ആശുപത്രി സൗകര്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമാണെന്നും വ്യക്തമാക്കി. ബാങ്കുകള്‍ നിയമനടപടികള്‍ ആരംഭിച്ചതോടെ 2016 മാര്‍ച്ചിലാണു മല്യ ബ്രിട്ടനിലേക്കു കടന്നത്. ഇന്ത്യ ആവശ്യപ്പെട്ടതുപ്രകാരം മല്യയുടെ നാടുകടത്തല്‍ സംബന്ധിച്ച വിചാരണ ലണ്ടന്‍ കോടതിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആരംഭിച്ചത്



Share this News Now:
  • Google+
Like(s): 137