15 September, 2018 09:26:04 PM


ക്ഷേത്രങ്ങൾക്കുണ്ടായ നാശനഷ്ടം സമയബന്ധിതമായി പരിഹരിക്കും - കെ.രാഘവൻ

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേത് നിയമാനുസ‍ൃതമുള്ള ഉപദേശകസമിതിയല്ല



ഏറ്റുമാനൂർ: പ്രളയത്തിൽ  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾക്കുണ്ടായ നാശനഷ്ടം സമയബന്ധിതമായി പരിഹരിക്കുമെന്ന് ബോർഡ് മെമ്പർ കെ.രാഘവൻ പറഞ്ഞു. ഏറ്റുമാനൂർ മഹാദേവക്ഷേത്രം ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ ദേവസ്വം ബോർഡിന്റെ 400 ഓളം ക്ഷേത്രങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചു. കേടുപാടുകൾ പരിഹരിക്കുന്നതിന് ഭക്തരുടെയും ക്ഷേത്ര ഉപദേശക സമിതികളുടെയും കൂട്ടായ്മവേണം. ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ വെട്ടിചുരുക്കും.


ക്ഷേത്ര ഉപദേശക സമിതികള്‍ അത്യാവശ്യം ക്ഷേത്രചടങ്ങുകള്‍ക്ക് മാത്രമുള്ള തുക വെച്ചിട്ട് അക്കൗണ്ടിലുള്ള ബാക്കി തുക ക്ഷേത്രപുനരുദ്ധാരണത്തിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപദേശക സമിതികളുടെ പക്കലുള്ള തുകയെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് കണക്കുകള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നിയമാനുസൃതമുള്ള എല്ലാ ഉപദേശകസമിതികളുടെയും കണക്കുകള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്ന് രാഘവന്‍ പറഞ്ഞു. എന്നാല്‍ ഏറ്റുമാനൂരിലേത് ദേവസ്വം നിയമാനുസൃതമുള്ള ഉപദേശക സമിതി അല്ലെന്നും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലകൊള്ളുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.


ക്ഷേത്രങ്ങളുടെ കേട് പാടുകൾ തീർക്കുന്നതിനുള്ള ധനസമാഹരണത്തിനായി കാസർകോടു നിന്നും പാറശാല വരെ അയ്യപ്പ ജ്യോതി പ്രയാണം നടത്തണമെന്ന നിർദേശം വന്നിട്ടുണ്ട്. ഇത് ദേവസ്വം ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുകുന്നും കെ.രാഘവൻ പറഞ്ഞു. കോട്ടയം, ഏറ്റുമാനൂർ, വൈക്കം ഗ്രൂപ്പുകളിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഒട്ടേറെ ക്രീയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നതായും രാഘവന്‍ വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 376