19 September, 2018 11:53:38 PM


കേരളാ പോലീസിലെ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക്; ഉത്തരവിറങ്ങി




തിരുവനന്തപുരം: കേരളാ പോലീസില്‍ 146 തസ്തികകള്‍ കായികതാരങ്ങള്‍ക്ക് നീക്കിവച്ച് ഉത്തരവിറങ്ങി. സായുധ ബറ്റാലിയനുകളിലെ ഹവില്‍ദാര്‍ തസ്തികയാണ് വിവിധ കായിക ഇനങ്ങള്‍ക്കായി നീക്കിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

അത്‌ലറ്റിക്‌സില്‍ പുരുഷ വിഭാഗത്തിന് 28ഉം വനിതാ വിഭാഗത്തില്‍ 26ഉം തസ്തികകള്‍ അനുവദിച്ചു. ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷ-വനിത ടീമുകള്‍ക്ക് 12 വീതവും വോളിബോള്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് 12 വീതവും തസ്തിക മാറ്റി വെച്ചിട്ടുണ്ട്. ഫുട്‌ബോള്‍ പുരുഷ ടീമിലേക്ക് 18 പേര്‍ക്കും ഹാൻഡ്ബോള്‍ പുരുഷ ടീമിലേക്ക് 12 പേര്‍ക്കും നിയമനം നല്‍കും. നീന്തലില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ യഥാക്രമം ആറും നാലും തസ്തികകളാണ് അനുവദിച്ചത്. രണ്ട് വീതം പുരുഷ-വനിതാ സൈക്ലിംഗ് താരങ്ങള്‍ക്കും പൊലീസില്‍ നിയമനം ലഭിക്കും.  

ഈ മേഖലകളില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍, നാഷണല്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് സര്‍വകലാശാല, സ്‌കൂള്‍ കായിക മേളകളില്‍ മെഡല്‍ നേടിയവര്‍ എന്നിവരില്‍ നിന്നും നിയമനം നല്‍കാനാണ് തീരുമാനം. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 58 കായിക താരങ്ങള്‍ക്ക് കേരളാ പോലീസില്‍ നിയമനം നല്‍കി. വോളിബോള്‍ വനിതാ വിഭാഗത്തില്‍ നാലു കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.



Share this News Now:
  • Google+
Like(s): 179