26 September, 2018 11:52:01 AM


അവകാശങ്ങൾ നിഷേധിക്കരുത്; ഭേദഗതികളോടെ ആധാറിന് അനുമതി

ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടാവുക എന്നത് നല്ലതെന്നും കോടതിദില്ലി: ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്‍റെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.കെ.സിക്രി, ഖാൻവിൽക്കർ എന്നീ മൂന്ന് ജഡ്ജിമാർ ചേർന്ന് ഒരു വിധിയാണ് തയ്യാറാക്കിയത്. 40 പേജുള്ള വിധി പ്രസ്താവന ജസ്റ്റിസ് എ.കെ.സിക്രിയാണ് വായിച്ചത്. മറ്റ് ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികൾ തയ്യാറാക്കിയെങ്കിലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിയാണ് ഭൂരിപക്ഷം നേടിയത്.


ആധാറുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. ആധാര്‍പദ്ധതി പൗരന്‍റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. ആധാർ കൃത്രിമമായി നിർമിക്കാനാകില്ലെന്നും ഇതിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണെന്നും സർക്കാർ പദ്ധതികളിലെ നേട്ടങ്ങൾ ആധാറിലൂടെ അർഹരായവർക്ക് നൽകാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. 


പൗരന്‍റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിശോധിച്ചത്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമോ എന്നതിലും ഈ വിധി നിർണായകമാണ്. ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന ആരോപണത്തിനും വിധി മറുപടിയാകും.


നവജാതശിശുക്കള്‍ അടക്കം രാജ്യത്തെ 95 ശതമാനം പേരും ആധാര്‍കാര്‍ഡ് എടുത്തെന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കുമെന്നാണു സൂചന. രാജ്യത്തിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ആവശ്യമുണ്ടെന്ന് വാദം കേള്‍ക്കുന്ന വേളയില്‍ കോടതി നിലപാടെടുത്തിരുന്നു. അതേസമയം, ആധാര്‍ വിവരങ്ങള്‍ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി.


ആധാര്‍വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചേക്കും. വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ പൗരന്‍റെ ശരീരത്തിലെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായി ചില ജഡ്ജിമാരെങ്കിലും കണ്ടെത്തിയേക്കും. ബയോമെട്രിക് സംവിധാനം അസാധാരണ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് നിലപാട് എടുത്തേക്കും.


ആധാര്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ റദ്ദാക്കി

ആധാര്‍ നിയമത്തിലെ മൂന്നു വകുപ്പുകള്‍ റദ്ദാക്കി. 33(2), 57, 47 വകുപ്പുകളാണ് റദ്ദാക്കിയത്. 57ാം വകുപ്പ് റദ്ദാക്കിയതോടം സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ഉപയോഗിക്കാനാവില്ല. ദേശസുരക്ഷ മുന്‍ നിര്‍ത്തി ജോയിന്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന് വിവരം പുറത്ത് വിടാന്‍ അധികാരം നല്‍കുന്ന വകുപ്പായിരുന്നു 33(2). ആധാറിനെതിരെ പരാതി നല്‍കാനാവില്ലെന്നായിരുന്നു 47ാം വകുപ്പ്. 

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധം

മൊബൈൽ ഫോണുമായി ആധാര്‍ ലിങ്ക് ചെയ്തത് ഭരണഘടനാവിരുദ്ധം. ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി.

ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണം

ടെലികോം കമ്പനികൾ ആധാർ നമ്പറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി. ആധാറില്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം . സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നത് ദുരപയോഗം ചെയ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദമാക്കി. 


പണബില്ലായി പാസാക്കിയതില്‍ വിയോജിച്ച് ജഡ്ജിമാര്‍ 

പണബില്ലായി പാസാക്കിയതില്‍ വിയോജിച്ച് ജഡ്ജിമാര്‍. ആധാര്‍ നിയമം പണബില്ലായി പാസാക്കിയ  നടപടിയില്‍ വ്യത്യസ്ത നിലപാടുകളുമായി ജഡ്ജിമാര്‍. ജസ്റ്റിസ് ദീപക് മിശ്ര, എ കെ സിക്രി എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധി നടപടി അംഗീകരിച്ചു. എന്നാല്‍ ഇതില്‍ വ്യത്യസ്ത നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രസ്താവിച്ചത്. മൂന്നംഗ ബെഞ്ചിന്റെ വിധിക്കാണ് ഭൂരിപക്ഷം. 


ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു

ആധാര്‍ കാര്‍ഡ് അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നു. ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രമാണ് ഒരു പൗരൻ നൽകുന്നത്. അതേ സമയം പാവപ്പെട്ടവർക്ക് സർക്കാർ സേവനങ്ങൾ എളുപ്പം ലഭിക്കാൻ ഇത് സൗകര്യപ്രദമാണെന്നും ജസ്റ്റിസ് എ കെ സിക്രി. സമൂഹത്തിലെ താഴേ തട്ടിലുള്ളവരെ സഹായിക്കുന്നതാണ് ആധാറെന്ന് കോടതി. ആധാര്‍ കേസ് സംബന്ധിച്ച് വിവിധ ഹര്‍ജിക്കാരും സര്‍ക്കാരും ഉയര്‍ത്തിയ വാദങ്ങളാണ് ഇപ്പോള്‍ പ്രസ്താവിക്കുന്നത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതി

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് മാത്രം ആധാര്‍ മതിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 


ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്

ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം. 


സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല 

സിബിഎസ്‍സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത്. ദേശീയസുരക്ഷയുടെ പേരിൽ ബയോമെട്രിക് വിവരങ്ങൾ പുറത്തുവിടാനാകില്ല.

കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം

കുട്ടികളുടെ ആധാര്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. കുട്ടികളുടെ വിവരം ശേഖരിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം വേണം. സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ബാധകമാക്കരുത്.

Share this News Now:
  • Google+
Like(s): 352