29 September, 2018 03:29:28 AM


കോടതി വിധി: ശബരിമലയിൽ സ്ത്രീകള്‍ക്കു വേണ്ടി സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും

നിലവില്‍ ഒരുവര്‍ഷം ശരാശരി നാല് കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്




പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയോടെ പമ്പയിലും നിലയ്ക്കലിലും ശബരിമലയിലും സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. നവംബര്‍ മധ്യത്തോടെ മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് സുരക്ഷയും സൗകര്യവുമൊരുക്കുന്നത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.


ഇതുവരെ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ശബരിമലയിലേക്ക് സ്ത്രീകള്‍കൂടി എത്തുന്നതോടെ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വരും. പമ്പയിലും നിലയ്ക്കലും ശൗചാലയങ്ങള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കേണ്ടിവരും. ഇതിനായി സര്‍ക്കാര്‍ 100 ഏക്കര്‍ സ്ഥലമെങ്കിലും വിട്ടുനല്‍കേണ്ടിവരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.



നിലവില്‍ ഒരുവര്‍ഷം ശരാശരി നാല് കോടിയോളം ഭക്തര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ ഇതില്‍ വര്‍ധനവുണ്ടായേക്കും. ഇവരുടെ സുരക്ഷയ്ക്കായി വനിതാ പോലീസ് ഉള്‍പ്പെടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കാനന പാതയിലെ ചെറിയ വഴിയിലൂടെ വരുന്ന ആളുകളുടെ എണ്ണം കൂടുന്നതോടെ ഇവിടെയും കൂടുതല്‍ ക്രമീകരണങ്ങള്‍ വേണ്ടിവരും. ഏറ്റവും തിരക്കുള്ള മകരവിളക്ക് സീസണില്‍പ്പോലും 92 പേരെ മാത്രമാണ് പതിനെട്ടാം പടി കയറ്റിവിടാനാകുന്നത്. വനിതകള്‍ കൂടി എത്തുന്നതോടെ മകരവിളക്ക് സമയത്തെ തിരക്ക് നിയന്ത്രണം ദുഷ്‌കരമായിത്തീരും. വനിതാ ഉദ്യോഗസ്ഥരെയടക്കം ഇതിനായി വിന്യസിക്കേണ്ടതായും വരും



Share this News Now:
  • Google+
Like(s): 52