02 October, 2018 12:59:29 PM


മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് കാലഹരണപ്പെട്ട പോളിയോ വാക്സിന്‍ നല്‍കി

ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡി​​ന്‍റെ മാനേജിങ്​ ഡയറക്​ടര്‍ അറസ്​റ്റില്‍​



ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനില്‍ ടൈപ്പ് ​- 2 പോളിയോ വൈറസ്​ സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിച്ചു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത വാക്സിനുകളിലാണ് ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ നിർമിച്ച ചെറിയ മരുന്നു കുപ്പികളിലാണ് രോഗാണു സാന്നിധ്യം സ്​ഥിരീകരിച്ചത്​.


ടൈപ്പ്​ 2 വൈറസ്​ ലോകത്താകമാനം നിർമാർജ്ജനം ചെയ്​തതായിട്ടാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യ സംഘടനകളുടെ വാദം. ചില ബാച്ച്​ മരുന്നുകളിൽ വൈറസ്​ കടന്നു കൂടിയത്​ എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്​. സംഭവത്തെ തുടര്‍ന്ന് സർക്കാറി​​ന്‍റെ പ്രതിരോധ പ്രവർത്തങ്ങൾക്ക്​ മാത്രം മരുന്ന് വിതരണം നടത്തുന്ന ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡി​​ന്‍റെ മാനേജിങ്​ ഡയറക്​ടറെ അറസ്​റ്റ്​ ചെയ്​തു. 


കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാന്‍​ പോളിയോ നിരീക്ഷണ​ സംഘത്തോട്​​ ആവശ്യപ്പെട്ടിട്ടുണ്ട്​. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്​തുവെന്ന്​ കരുതുന്ന സംസ്​ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക്​ ​ഐ.പി.വി (ഇൻ ആക്​ടിവേറ്റഡ്​ പോളിയോ വൈറസ്​)  ഇഞ്ചക്​ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കുട്ടികളുടെ നഷ്ടപരിഹാരത്തിനായി എല്ലാ കുട്ടികൾക്കും നിർമാർജനം ചെയ്ത പോളിയോ വൈറസ് (ഐപിവി) എന്ന കുത്തിവയ്പ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം ദേശീയ പ്രതിരോധ പരിപാടിയിൽ ഉറപ്പ് നൽകുന്നുണ്ട്. 


ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ്​ രോഗാണു ബാധ കണ്ടെത്തിയത്​. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ട് ബാച്ചുകളിൽ ​കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്​ സംഭവം പുറത്ത് വന്നത്​. ഇതോടെ ഈ  ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന്​ പിൻവലിച്ചിരുന്നു. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമ്മാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.



Share this News Now:
  • Google+
Like(s): 94