03 October, 2018 01:38:51 AM


ശബരിമല സ്ത്രീപ്രവേശനം, പന്തളത്ത് നാമജപയാത്ര, പലയിടത്തും പ്രതിഷേധം



പന്തളം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തില്‍ പന്തളത്ത് നാമജപയാത്ര നടത്തുന്നു. പന്തളം മെഡിക്കല്‍ മിഷന്‍ പരിസരത്ത് നിന്ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്കാണ് നാമജപയാത്ര നടത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും ഭക്തരും പരിപാടിയില്‍ പങ്കെടുക്കുന്നു. 

വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപം പൊതുസമ്മേളനവുമുണ്ടാകും. വൈകിട്ട് നാലുമണിയോടെയാണ് നാമജപയാത്ര ആരംഭിച്ചത്. വലിയതോതിലുള്ള ജനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. മഴയെ അവഗണിച്ച് ആയിരക്കണക്കിന് ആളുകള്‍ ഈ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു. പ്രത്യേകിച്ച് ഒരുസംഘടനയുടേയും ആഹ്വാനപ്രകാരമല്ല പ്രതിഷേധ സമരമെന്നത് ശ്രദ്ധേയമാണ്. 

അതേസമയം പ്രതിഷേധത്തിന് പന്തളം കൊട്ടാരം ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകളാണ് നാമജപയാത്രിയില്‍ പങ്കെടുക്കുന്നത്. പ്രശ്‌നത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും തന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

ptaസുപ്രീം കോടതി വിധിക്ക് എതിരെ ശബരിമലവിശ്വാസ സംരക്ഷണ സമിതി പമ്പയിൽ നടത്തിയ നാമ ജപയജ്ഞം. -ഫോട്ടോ: കെ.ആർ. പ്രഹ്‌ളാദൻ.

അതിനിടെ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലും ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊച്ചി വൈറ്റിലയില്‍ ശബരിമല സംരക്ഷണ സമിതി നടത്തിയ ദേശീയപാത ഉപരോധത്തില്‍ നേരിയ സംഘര്‍ഷമുണ്ടായി. അതേസമയം തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ജീവന്‍ കെടുത്തും വിശ്വാസം സംരക്ഷിക്കുമെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പമ്പയില്‍ നാമജപ യജ്ഞം സംഘടിപ്പിച്ചു



Share this News Now:
  • Google+
Like(s): 94