05 October, 2018 10:13:11 AM
ശബരിമല സ്ത്രീപ്രവേശന വിഷയം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒറ്റപ്പെടുന്നു
സംഘപരിവാര്‍ ക്ലിഫ് ഹൗസ് ഉപരോധിക്കുംN എന്‍.എസ്.എസ്. സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒറ്റപ്പെടുന്നു. സി.പി.എം. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന ഉറച്ച നിലപാടെടുത്തപ്പോള്‍, എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ തന്ത്രപരമായ മൗനത്തിലാണ്. അതേസമയം, പ്രശ്നം മുതലെടുത്ത് പ്രതിപക്ഷത്തു ബി.ജെ.പി. കരുത്താര്‍ജിക്കുന്നതു തടയാന്‍ യു.ഡി.എഫ്. നീക്കമാരംഭിച്ചു. ജാള്യം മറയ്ക്കാന്‍ ബി.ജെ.പി. തെരുവുസമരം ശക്തമാക്കുന്നതു ക്രമസമാധാനപ്രശ്നമായി വളരുമെന്ന ആശങ്കയുമുണ്ട്.
കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് പിന്നീടു സര്‍ക്കാരിനെതിരേ രംഗത്തുവന്നു. ഇന്നുമുതല്‍ പ്രക്ഷോഭം ശക്തമാക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. ഭൂരിപക്ഷ വോട്ടുകള്‍ ചോരാതിരിക്കാന്‍ കേരളാ കോണ്‍ഗ്രസും (എം) മുസ്ലിംലീഗും ''വിശ്വാസസംരക്ഷണ''ത്തിനായി മുന്നിട്ടിറങ്ങി. പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമാണു രംഗത്തുവന്നത്.
അണികളെ ബി.ജെ.പി. റാഞ്ചുന്നതു തടയാന്‍ എന്‍.എസ്.എസ്. നേതൃത്വം ശബരിമല വിഷയത്തില്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കി. സുപ്രീം കോടതി വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പ്രസ്താവനയിറക്കിയത് ഇതിന്റെ ഭാഗമായാണ്. അതേസമയം, ആദ്യത്തെ ആശയക്കുഴപ്പത്തിനു ശേഷം ആര്.എസ്.എസും സംഘപരിവാറും പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങവേ, ബി.ജെ.പി. മുഖപത്രത്തില്‍ വിധിയെ സ്വാഗതം ചെയ്ത് ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. സഞ്ജയന് എഴുതിയ ലേഖനം പൊട്ടിത്തെറിക്കിടയാക്കി.
പ്രക്ഷോഭം മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലേക്കു മാറ്റാനുള്ള സംഘപരിവാര്‍ നീക്കം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനം ഉപരോധിച്ചു. സംഘാടകരെപ്പോലും അമ്പരപ്പിച്ച്, സമരത്തില്‍ വന്സ്ത്രീപങ്കാളിത്തമുണ്ടായി. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പന്തളത്ത് ഉള്‍പ്പെടെ പരസ്യപ്രതിഷേധത്തിന് ഇന്നു കോണ്‍ഗ്രസും തുടക്കം കുറിക്കും.ഇന്നലെ കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെ.പി.സി.സി. ഭാരവാഹികളും വിവിധ ദേവസ്വം ബോര്‍ഡുകളിലെ മുന്‍ഭാരവാഹികളും പങ്കെടുത്തു. തുടര്‍നടപടികള്‍ക്കായി കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷണനെ ചുമതലപ്പെടുത്തി