11 October, 2018 05:42:44 PM


ശരണമന്ത്രങ്ങളുമായി ഏഴരപൊന്നാനയുടെ നാട്ടില്‍ നാമജപ ഘോഷയാത്ര; നഗരം സ്തംഭിച്ചു (VIDEO കാണാം)

ഹിന്ദുസമൂഹം ഉണര്‍ന്നു കഴിഞ്ഞെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്




ഏറ്റുമാനൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ചും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ ശരണമന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് ആയിരങ്ങള്‍ പങ്കെടുത്ത നാമജപഘോഷയാത്ര ഏറ്റുമാനൂരില്‍ നഗരവീഥികളെ നിശ്ചലമാക്കി. വ്യാഴാഴ്ച വൈകിട്ട് പട്ടിത്താനം റൗണ്ടാനയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എം.സി.റോഡിലൂടെ നഗരം ചുറ്റി പാലാ റോഡ്, ടെമ്പിള്‍ റോഡ് വഴി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തി സമാപിച്ചു.

അയ്യപ്പവിഗ്രഹം ഏന്തിയ ബാലികയുടെ പിന്നില്‍ ആയിരകണക്കിന് വനിതകളാണ് ഘോ‍ഷയാത്രയില്‍ അണിനിരന്നത്. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.എസ്.നാരായണന്‍ നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ എത്തിയ ഘോഷയാത്രയുടെ സമാപനം കുറിച്ച് കൊണ്ട് നടന്ന സമ്മേളനം ബ്രാഹ്മണ ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. 

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ വിഭാഗീയത കാട്ടുകയാണെന്നും ഹിന്ദുസമൂഹം ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ഉണര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസേവാസമാജം ദേശീയ ഓർഗനൈസിങ് സെക്രട്ടറി വി.കെ.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടിക്കുറുപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ. ശങ്കു. ടി. ദാസ്, ഏറ്റുമാനൂർ രാധാകൃഷ്ണൻ, പി.എൻ.ഗോപാലകൃഷ്ണൻ, ഗണേഷ് ഏറ്റുമാനൂർ, പി.എൻ.രവീന്ദ്രൻ തുടങ്ങി വിവിധ ഹൈന്ദവസംഘടനാനേതാക്കള്‍  പ്രസംഗിച്ചു.  


നാമജപഘോഷയാത്രയെതുടര്‍ന്ന് ഒരു മണിക്കൂറിലധികം ഏറ്റുമാനൂര്‍ ടൗണില്‍ ഗതാഗതതടസമുണ്ടായി. കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍, സിഐ എ.ജെ.തോമസ്, ഏറ്റുമാനൂര്‍ എസ്.ഐ പ്രശാന്ത് കുമാര്‍, ഗാന്ധിനഗര്‍ എസ്ഐ അനൂപ് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സുരക്ഷ ഒരുക്കിയിരുന്നു. 






Share this News Now:
  • Google+
Like(s): 396