11 October, 2018 06:37:52 PM


എം.ജി.യിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് കുറഞ്ഞ പ്രായ നിബന്ധനയില്ലാതെ പ്രവേശനം

നിശ്ചിത അക്കാദമിക യോഗ്യത നോക്കി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകും



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇനി കുറഞ്ഞ പ്രായപരിധി നിബന്ധനയില്ല. പ്രായനിബന്ധനയില്ലാതെ നിശ്ചിത അക്കാദമിക യോഗ്യത നോക്കി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകാൻ സർവകലാശാല ഉത്തരവിട്ടു.


പ്ലസ്ടു/തത്തുല്യ അക്കാദമിക് യോഗ്യത നേടിയവർക്ക് ബിരുദ പ്രോഗ്രാമുകൾക്കും ബിരുദ/തത്തുല്യ യോഗ്യത നേടിയവർക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും കുറഞ്ഞ പ്രായനിബന്ധനയില്ലാതെ പ്രവേശനം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടുന്നവർക്കാണ് നിലവിൽ പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിബന്ധനയുള്ളത്. 25 വയസാണ് സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ഉയർന്ന പ്രായപരിധി. ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി സംബന്ധിച്ച് വ്യക്തത വേണമെന്നാവശ്യപ്പെട്ട്‌ വിദ്യാർഥികൾ നൽകിയ അപേക്ഷകൾ പരിഗണിച്ചാണ് സർവകലാശാലയുടെ നടപടി.


1994 മുതലുള്ള കോഴ്‌സുകൾക്ക് പ്രത്യേക മേഴ്‌സി ചാൻസ് പരീക്ഷ


വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പ്രത്യേക മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. മോഡൽ I ബി.എ./ബി.എസ്‌സി./ബി.കോം (റഗുലർ : 1998 - 2008), ബി.എ./ബി.കോം (പ്രൈവറ്റ് : 1998-2011), ബി.എസ്‌സി. നഴ്‌സിംഗ്/ബി.ടെക് ഒഴിച്ചുള്ള മറ്റ് ബിരുദ കോഴ്‌സുകൾ (2000 അഡ്മിഷൻ മുതൽ), എം.എ./എം.എസ്‌സി/എം.കോം. (റഗുലർ: 2001 - 2011, പ്രൈവറ്റ് : 2004 - 2013), മറ്റ് പി.ജി. കോഴ്‌സുകൾ (2000 അഡ്മിഷൻ മുതൽ), ബി.എഡ്. (2003 അഡ്മിഷൻ മുതൽ), എൽ.എൽ.ബി. (1994 അഡ്മിഷൻ മുതൽ), എം.ടെക് (2009 അഡ്മിഷൻ മുതൽ), എം.എഡ്. (2002 അഡ്മിഷൻ മുതൽ) കോഴ്‌സുകൾക്കാണ് മേഴ്‌സി ചാൻസ് പരീക്ഷ നടക്കുക. ഒക്‌ടോബർ 25 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടെ 29 വരെയും 500 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ 5000 രൂപ സ്‌പെഷൽ ഫീസായി അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.


ബി.ടെക് ഇന്‍റേണൽ റീ ഡു പരീക്ഷ


ബി.ടെക് വിവിധ സെമസ്റ്ററുകളുടെ (2010 ന് മുമ്പും ശേഷവുമുള്ള അഡ്മിഷൻ) ഇന്റേണൽ റീ ഡു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 15 വരെ അപേക്ഷിക്കാം. സർവകലാശാല തിയറി പരീക്ഷയിൽ 40 മാർക്കിന് മുകളിൽ നേടുകയും ഇന്റേണൽ അസസ്‌മെന്റ് മാർക്കിന്റെ കുറവ് മൂലം പരീക്ഷ തോറ്റുപോവുകയും ചെയ്തവർക്കാണ് അവസരം. ഓരോ വിഷയത്തിനും 2000 രൂപ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.



Share this News Now:
  • Google+
Like(s): 182