12 October, 2018 11:25:27 AM


പൂച്ചട്ടികളില്‍ പച്ചക്കറി തൈകളുമായി കൃഷി ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ വീട്ടില്‍




ഏറ്റുമാനൂര്‍: ഹരിതവിപ്ലവത്തിന്‍റെ ഭാഗമായി ജനപ്രതിനിധികളുടെ ഭവനങ്ങളിലൂടെ പച്ചക്കറി കൃഷിയുമായി കൃഷിവകുപ്പ്. എംഎല്‍എമാരുടെ ഭവനങ്ങളില്‍ നിന്ന് തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ അഡ്വ.കെ.സുരേഷ് കുറുപ്പിന്‍റെ വീട്ടിലുമെത്തി. വളരെ വ്യത്യസ്തമായ രീതിയില്‍  പൂച്ചട്ടികളില്‍ നട്ട് കൊണ്ടുവന്ന തൈകള്‍ വെള്ളിയാഴ്ച കൃഷിവകുപ്പ് എംഎല്‍എയ്ക്ക് കൈമാറി. 


ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിക്കുവാന്‍ തങ്ങള്‍ വീട്ടിലേക്ക് വരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മുന്‍‌കൂട്ടി എം.എല്‍എയെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ പൂച്ചട്ടികളും അവ വെക്കാനുള്ള സ്റ്റാന്‍റും ഒക്കെയായി എത്തിയ ഉദ്യോഗസ്ഥരെ കണ്ട് എം.എല്‍.എ അത്ഭുതപ്പെട്ടു. സുരേഷ്കുറുപ്പ് വാടകയ്ക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ വസതിയില്‍ അദ്ദേഹം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു കൃഷിവകുപ്പ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ എം.എല്‍.എ താമസിച്ചിരുന്നത് മഹാദേവക്ഷേത്രത്തിന് കിഴക്കേ നടയിലായിരുന്നു. അവിടെ കൃഷിക്ക് അനുയോജ്യമായ സാഹചര്യം ഇല്ലാതിരുന്നതിനാലാണ് പൂച്ചട്ടിയില്‍ തൈകള്‍ നടാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. 




പച്ചക്കറിതൈകള്‍ ചട്ടിയില്‍ നിറക്കുന്ന ജോലി ടൗണിലെ ഒരു സ്വകാര്യ നഴ്സറിയെ ഏല്‍പ്പിച്ചു. മണ്ണും മണലും ചാണകപ്പൊടിയും 1:1:1 എന്ന അനുപാതത്തില്‍ നിറച്ച 25 മണ്‍ചട്ടികളില്‍ പയര്‍, വെണ്ട, വഴുതന, തക്കാളി, ഇഞ്ചി, ചീര തുടങ്ങിയവയുടെ തൈകളാണ് നട്ട് പിടിപ്പിച്ചത്. ഇവ വീട്ടുമുറ്റത്ത് സംരക്ഷിക്കുന്നതിനായി പ്രത്യേക സ്റ്റാന്‍റും കൃഷിവകുപ്പ് എത്തിച്ചിരുന്നു. ചട്ടികളില്‍ നിറച്ച പച്ചക്കറി തൈകള്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ കെ.സുരേഷ്കുറുപ്പ് എം.എല്‍.എയ്ക്ക് കൈമാറി. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.വിനോദ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍റണി ജോര്‍ജ്, കൃഷി ഓഫീസര്‍ കവിതാ വി.ജെ, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





Share this News Now:
  • Google+
Like(s): 257