12 October, 2018 11:59:12 AM


ബ്രൂവറി; എക്സൈസ് വകുപ്പിന്‍റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പില്‍ അന്വേഷണം

അന്വേഷണം ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി



തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ  പ്രതിപക്ഷ നേതാവിന് മറുപടിയായിട്ട്, എക്സൈസ് വകുപ്പിന്‍റെ പേരിലിറങ്ങിയ വാർത്താക്കുറിപ്പ് വ്യാജമാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തരസെക്രട്ടറിക്ക് കത്ത് നൽകി. വകുപ്പ് തല അന്വേഷണത്തിന് ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ബ്രൂവറിയ്ക്ക് അനുമതി കൊടുത്തത് ഏകെ ആണന്‍റണിയാണ്. ഇത് പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവിന്‍റെ വാദം പൊളിഞ്ഞു എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് എക്സൈസ് വകുപ്പിന്‍റെ പേരില്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്താ കുറിപ്പ് ചട്ടലംഘനം ആണെന്ന് വ്യക്തമാക്കി ചെന്നിത്തല സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയക്കാരെപോലെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന് പതിവില്ലെന്നായിരുന്നു അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. 

ഇത്തരം ഉദ്യോഗസ്ഥരെ തെരുവില്‍ നേരിടുമെന്നാണ് കെ മുരളീധരന്‍ ഇതിനെതിരെ പ്രതികരിച്ചത്. പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെ വാര്‍ത്താ കുറിപ്പ് വലിയ വിവാദമായി. ഈ സാഹചര്യത്തിലാണ് കുറിപ്പില്‍ അന്വേഷണം വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. 



Share this News Now:
  • Google+
Like(s): 34