12 October, 2018 07:04:40 PM


നാഷണൽ സർവീസ് സ്‌കീം വാർഷിക കർമ്മപദ്ധതിയും പ്രവർത്തന കലണ്ടറും തയ്യാറാക്കുന്നു



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനായി വാർഷിക കർമ്മപദ്ധതി തയ്യാറാക്കാൻ തീരുമാനം. സർവകലാശാല അസംബ്ലി ഹാളിൽ നടന്ന കോളജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ സമ്മേളനത്തിലാണ് തീരുമാനം. കർമ്മപദ്ധതിയും പ്രവർത്തന കലണ്ടറും തയ്യാറാക്കി പരിപാടികൾ നടപ്പാക്കും.


എം.ജി. സർവകലാശാലയിലെ എൻ.എസ്.എസിന്റെ പ്രവർത്തനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന്‌ ഹൈദരാബാദ് സർവകലാശാലയടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ളതായി സമ്മേളനം ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുടെ പരിശീലനത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും കോളജുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ പറഞ്ഞു. സിൻഡിക്കേറ്റംഗം ഡോ. ആർ. പ്രഗാഷ് അധ്യക്ഷത വഹിച്ചു. 


എല്ലാ കോളജ് എൻ.എസ്.എസ്. യൂണിറ്റുകളും ഒക്‌ടോബർ 30നകം പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്.) വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും വിവരങ്ങൾ നൽകണമെന്നും എൻ.എസ്.എസ്. സംസ്ഥാന ഓഫീസർ ഡോ. കെ. സാബുക്കുട്ടൻ പറഞ്ഞു. സിൻഡിക്കേറ്റംഗം പ്രൊഫ. സന്തോഷ് പി. തമ്പി, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു. 'നാഷണൽ സർവീസ് സ്‌കീം - ദർശനവും സാക്ഷാത്ക്കാരവും' എന്ന വിഷയത്തിൽ ഡോ. സി. തോമസ് എബ്രഹാം ക്ലാസെടുത്തു. വാർഷിക കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി ചർച്ചകളും ക്രോഡീകരണവും നടന്നു.



Share this News Now:
  • Google+
Like(s): 20