12 October, 2018 07:27:50 PM


ബ്യൂട്ടി പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന യുവതി അറസ്റ്റില്‍

അരൂര്‍ പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവിന്‍റെ ഭാര്യ ഷീബ സുരേഷ് ആണ് അറസ്റ്റിലായത്




പെരുമ്പാവൂര്‍: ബ്യൂട്ടിപാര്‍ലറുകള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷണം നടത്തിവന്ന യുവതി അറസ്റ്റില്‍. അരൂര്‍ പുത്തന്‍വീട്ടില്‍ സുരേഷ് ബാബുവിന്‍റെ ഭാര്യ ഷീബ സുരേഷ് (45) ആണ് പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്. വിവിധ സ്ഥലങ്ങളിലെ ബ്യൂട്ടി പാര്‍ലറുകളില്‍ തല മസാജ് ചെയ്യാനായാണ് ഇവര്‍ എത്തുക. മസാജ് ചെയ്യാനാരംഭിക്കുമ്പോള്‍ സ്വര്‍ണ്ണം അലര്‍ജിയാണെന്ന് പറഞ്ഞ് ബ്യൂട്ടീഷനോട് കയ്യിലെ ആഭരണം ഊരിവെയ്ക്കാന്‍ ആവശ്യപ്പെടും. ഇതനുസരിക്കുന്ന ബ്യൂട്ടീഷനുമായി ചങ്ങാത്തം കൂടുകയും ഇടയ്ക്ക് ഇവരുടെ ശ്രദ്ധതിരിച്ച ശേഷം ആഭരണങ്ങള്‍ കൈക്കലാക്കുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.

സെപ്തംബര്‍ 12ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനു സമീപമുള്ള ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഈ വിധം മോഷണം നടത്തിയതാണ് ഷീബയ്ക്ക് കുടുക്ക് വീഴാന്‍ കാരണമായത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിഞ്ഞ് ബ്യൂട്ടിപാര്‍ലറുടമ പിന്നാലെ ഓടിയെത്തിയെങ്കിലും ഇവര്‍ ഓട്ടോയില്‍ കയറി രക്ഷപെട്ടിരുന്നു. തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറുടമയുടെ പരാതിയെ തുടര്‍ന്ന് യുവതിയുടെ രേഖാചിത്രം തയ്യാറാക്കി കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തു. എറണാകുളം സിറ്റി പോലീസ് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അരൂരിലെ വാടകവീട്ടില്‍ നിന്നും യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ മോഷണമുതലുകള്‍ കണ്ടെടുത്തു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലായി സമാനരീതിയില്‍ മോഷണം നടന്നിട്ടുണ്ട്. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 23ഓളം കേസുകള്‍ നിലവിലുണ്ട്. 2011-14 കാലഘട്ടത്തില്‍ മോഷണകുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍റ് ചെയ്തു.



Share this News Now:
  • Google+
Like(s): 210