13 October, 2018 11:31:03 AM


കുടുംബശ്രീ പ്രവര്‍ത്തകരുടെ ചെരിപ്പുകള്‍ മോഷ്ടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ടിക്കറ്റ് കൗണ്ടറുകള്‍ തങ്ങള്‍ക്ക് അന്യമാവുമെന്ന് മനസിലാക്കിയായിരുന്നു തൊഴിലാളി നേതാക്കളുടെ പരിപാടി




തിരുവനന്തപുരം: ബസില്‍ ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമില്ലാത്ത തൊഴിലാളി നേതാക്കളുടെ ഇഷ്ടയിടം നഷ്ടമാവുമെന്ന് കണ്ടതോടെ പുതുതായി ജോലിക്കെത്താനൊരുങ്ങുന്ന കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ ഓടിക്കാനായി കെഎസ്ആര്‍ടിസി  ജീവനക്കാരുടെ വ്യത്യസ്തമായ പ്രതിഷേധം. ട്രെയിനിംഗിനെത്തിയ വനിതകളുടെ ചെരിപ്പ് മോഷ്ടിച്ചുകൊണ്ടും ഇന്‍റര്‍നെറ്റ് കണക്ഷന്‍ വിശ്ചേദിച്ചുമായിരുന്നു പ്രതിഷേധം.

ബസില്‍ ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമില്ലാത്ത തൊഴിലാളി നേതാക്കളുടെ ഇഷ്ടയിടമാണ് കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍. ഇവിടെ ഡ്യൂട്ടിയിലുള്ളവരെക്കുറിച്ച് യാത്രക്കാര്‍ക്കും പരാതികളേറെയായിരുന്നു. കൃത്യമായി ടിക്കറ്റും ബാക്കിയും കൊടുക്കാത്ത നിരവധി സംഭവങ്ങളുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസത്തിന്‍റെ ഭാഗമായി കൗണ്ടറുകളിലെ നേതാക്കളെ അടുത്തിടെ ബസില്‍ നിയോഗിച്ചിരുന്നു. ഇവരെ മാറ്റി പഴയതാവളം തിരച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിലാണ് കുടുംബശ്രീക്കു കൗണ്ടര്‍ കൈമാറുന്നതിനുള്ള നീക്കം നടന്നത്. കൗണ്ടര്‍ കൈമാറിയാല്‍ തങ്ങള്‍ക്കു തിരിച്ചുവരുവാനുള്ള അവസരം നഷ്ടമാകുമെന്ന് കണ്ടതോടെ ജീവനക്കാരെ കൂട്ടുപിടിച്ച് പ്രതിഷേധം ശക്തമാക്കുന്നതിന് കാരണം.

വ്യാഴാഴ്ച സിറ്റി ഗാരേജിലെ ട്രെയിനിങ് സെന്‍ററില്‍ പരിശീലനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ക്കാണ് പരിശീലന ഹാളിനു പുറത്തിട്ടിരുന്ന ചെരുപ്പുകള്‍ നഷ്ടമായത്. കുടുബശ്രീപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പരിശീലനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ പിരിഞ്ഞശേഷം ഉച്ചയോടെയാണ് പരിശീലനം തുടങ്ങിയത്. ഇതറിഞ്ഞെത്തിയവര്‍ പുറത്തുകിടന്ന ചെരുപ്പുകള്‍ എടുത്തുമാറ്റി.

പുറത്തിറങ്ങിയ സ്ത്രീകള്‍ സുരക്ഷാജീവനക്കാരോടൊപ്പം നടത്തിയ പരിശോധനയില്‍ സമീപത്തെ ഓടയില്‍നിന്നു ചെരുപ്പുകള്‍ കണ്ടെത്തി. വള്ളികള്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കി ചെരുപ്പുകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷം രണ്ടാമത്തെ ബാച്ച് പരിശീലനത്തിന് കയറിയപ്പോള്‍ കംപ്യൂട്ടറുകളുടെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച നിലയിലുമായിരുന്നു. ഇതോടെ പരിശീലനം മുടങ്ങി. എം.ഡി. ടോമിന്‍ തച്ചങ്കരിക്ക് അധികൃതര്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.




Share this News Now:
  • Google+
Like(s): 51