22 October, 2018 07:33:45 AM


നാടകീയ സംഭവങ്ങളുമായി തുലാമാസ പൂജകൾക്ക് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും

ആന്ധ്രയിൽ നിന്നും തീര്‍ത്ഥാടക സംഘത്തോടൊപ്പം എത്തിയ നാല് യുവതികളെ ഏറ്റുമാനൂരിലും തടഞ്ഞു



പമ്പ: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി തുലാമാസ പൂജകൾ കഴിഞ്ഞതോടെ ശബരിമല നട ഇന്ന് അടയ്ക്കും. ഇന്നും നിരവധി തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും , പമ്പയിലും ഒരുക്കിയിരിക്കുന്നത്.


നിലയ്ക്കൽ ഉൾപ്പടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. യുവതികൾ മലകയറാനെത്തുമെന്ന പ്രചരണം ഉള്ളതിനാൽ , സർക്കാർ പ്രതിഷേധം മുന്നിൽ കാണുകയാണ്. ശബരിമലയിൽ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെയാണ് ഇന്നലെ പലയിടത്തായി  ഭക്തർ തടഞ്ഞുവച്ചത്. ഇവരെല്ലാവരും ഒറ്റ തീർഥാടക സംഘത്തിൽപ്പെട്ടവരാണ്. തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിൽ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരിൽ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. 

ആന്ധ്രയിൽ നിന്നും എത്തിയ യുവതികളെ ഏറ്റുമാനൂരിൽ തടഞ്ഞു

ഏറ്റുമാനൂർ: ശബരിമലയിലേക്ക് പോകാനായി ആന്ധ്രയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ സംഘത്തിലുണ്ടായിരുന്ന യുവതികളെ ശബരിമല കർമ്മസമിതി ഏറ്റുമാനൂരിൽ തടഞ്ഞു. ഞായറാഴ്ച വൈകിട്ട് മഹാദേവ ക്ഷേത്രത്തിൽ എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തിൽ നാല് യുവതികളാണ് ഉണ്ടായിരുന്നത്.  എസ് ഐ പ്രശാന്ത് കുമാറിന്റെ നേത്യത്വത്തിൽ പോലീസ് എത്തി ഇവരോട് സംസാരിച്ചു. ഇവിടെ നിന്നും ശബരിമലയിലേക്ക് പോകുന്നതിന് സൗകര്യമൊരുക്കാമെന്ന് പറഞ്ഞതിനൊപ്പം ഭക്തരുടെ പ്രതിഷേധത്തെ കുറിച്ചും അറിയിച്ചു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ യുവതികൾ അവസാനം ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിച്ചു. യുവതികളെ ഏറ്റുമാനൂരിൽ താമസിപ്പിച്ച ശേഷം ഒപ്പമുണ്ടായിരുന്ന തീർത്ഥാടകർ ശബരിമലയിലേക്ക് പോയി.



Share this News Now:
  • Google+
Like(s): 24