22 October, 2018 12:44:59 PM


ശബരിമലയിൽ ദേവസ്വംബോർഡിന്‍റെ നിലപാട് എന്ത്? തീരുമാനമെടുക്കാൻ യോഗം നാളെ

നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണെ് തിരുവിതാംകൂർ ദേവസ്വംബോർഡ്



തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കുന്നതിനെക്കുറിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ. ഏത് രീതിയിലാണ് സുപ്രീംകോടതിയെ സമീപിയ്ക്കേണ്ടതെന്ന് ചർച്ച ചെയ്യാൻ നാളെ ബോർഡ് യോഗം ചേരും. ശബരിമലയിലെ തൽസ്ഥിതി സംബന്ധിച്ച് ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിയ്ക്കാനാണ് നിലവിലെ തീരുമാനം.


എന്നാൽ അത്തരത്തിലൊരു റിപ്പോർട്ട് കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായവും ചില നിയമവിദഗ്ധർ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടി മാത്രം മുന്നോട്ടുപോകാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ നിലപാടറിയിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂ. എന്നാൽ ഇന്ന് ബോർഡ് അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിടയില്ലെന്നാണ് സൂചന.  നേരത്തേ ശബരിമല കേസിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വിയെത്തന്നെ സമീപിയ്ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നാണ് ഇന്നലെ അദ്ദേഹം വ്യക്തമാക്കി. 


സ്ത്രീപ്രവേശനം തടയാതിരുന്നാൽ ക്ഷേത്രം അടച്ചിടുമെന്ന പന്തളം കൊട്ടാരത്തിന്‍റെ നിലപാടും ബോർഡിന് തലവേദനയാണ്. കൊട്ടാരത്തിന് ഇതിന് അധികാരമില്ലെന്ന് ബോർഡംഗമായ കെ.പി.ശങ്കരദാസ് തന്നെ വ്യക്തമാക്കിയെങ്കിലും തന്ത്രി, പന്തളം രാജകുടുംബങ്ങളുടെ സഹകരണമില്ലാതെ ബോർഡിന് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാകും.  മണ്ഡല-മകരവിളക്ക് കാലത്ത് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് ഈ തീർഥാടനകാലത്തേക്കാൾ വലിയ വെല്ലുവിളിയുമാണ്. ഇതുവരെ കൃത്യമായ നിലപാടെടുക്കാതിരുന്നതിന് ഏറെ പഴി കേട്ട ബോർഡ് ഇനി സൂക്ഷ്മതയോടെ മുന്നോട്ട് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 25