26 October, 2018 05:55:57 PM


രണ്ടു വർഷത്തിനുള്ളിൽ 101 സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾ; അപൂർവ്വ നേട്ടവുമായി എം.ജി. സർവകലാശാല


കോട്ടയം: രണ്ടു വർഷത്തിനുള്ളിൽ 101 സ്റ്റുഡന്റ്‌സ് സ്റ്റാർട്ടപ്പുകളെന്ന നേട്ടം കൈവരിച്ച് മഹാത്മാ ഗാന്ധി സർവകലാശാല. ഏറ്റവുമധികം സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ സർവകലാശാലയെന്ന ഖ്യാതിയും എം.ജി.യ്ക്ക്. വിദ്യാർഥികളിൽ സംരംഭക താല്പര്യം വളർത്തുന്നതിനായി 2016ൽ സർവകലാശാല ആരംഭിച്ച ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്റർ (ബി.ഐ.ഐ.സി.) വഴിയാണ് സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ അവസരം നൽകിയത്. സംരംഭങ്ങൾക്ക് പുറമെ പേറ്റന്റ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സഹായവും ബി.ഐ.ഐ.സി. നൽകുന്നു. ഇതിനകം 14 പേറ്റന്റ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടു.

നാനോ ടെക്‌നോളജി, ബയോടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി, ഗ്രീൻ ടെക്‌നോളജി എന്നീ മേഖലകളിലെയും സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിക്ക് കീഴിൽ വരുന്ന ജൈവ കൃഷി, മാലിന്യനിർമാർജനം, ജലവിഭവ സംരക്ഷണം എന്നീ മേഖലകളിലെയും നവീനാശയങ്ങൾ പ്രാവർത്തികമാക്കാൻ ബി.ഐ.ഐ.സി. വിദ്യാർഥികൾക്ക് അവസരം നൽകി. സംസ്ഥാനതലത്തിൽ വിദ്യാർഥികളിൽ നിന്ന് നവീനാശയങ്ങൾ ക്ഷണിച്ചാണ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നത്.

നവീന ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശാസ്ത്ര സാങ്കേതിക, ബിസിനസ് മാനേജ്മെന്റ്, ധനകാര്യ ആസൂത്രണം, വിപണനം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ നേരിട്ടുള്ള മേൽനോട്ടവും മാർഗനിർദ്ദേശങ്ങളും നൽകുന്നു. സർവകലാശാലയിലെ അദ്ധ്യാപകരുടെയും വ്യവസായ വിദഗ്ദ്ധരുടെയും സാങ്കേതിക സഹായം, അത്യാധുനിക ഉപകരണങ്ങളും പരീക്ഷണശാലകളും ഉല്പന്ന വികസനത്തിനായി ഉപയോഗിക്കാനുള്ള അവസരം, ട്രേഡ് മാർക്ക്, ലൈസൻസ്, പേറ്റന്റ് തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം, സാങ്കേതിക വിദ്യ കൈമാറ്റത്തിനുള്ള സഹായം എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.

സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ 40 വിദ്യാർഥികൾക്കുള്ള ഗ്രാന്റ് വിതരണോദ്ഘാടനം സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് നിർവഹിച്ചു. തൊഴിൽ തേടുന്നവരിൽ നിന്ന് തൊഴിൽദായകരായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ സർവകലാശാലകൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ജൈവവ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുന്ന നവീനാശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ബി.ഐ.ഐ.സി.ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികളുടെ 101 സ്റ്റാർട്ടപ്പുകൾ തുടങ്ങാനായത് വലിയ നേട്ടമാണെന്നും ഇൻക്യുബേഷൻ സെന്റററിന് കെ.എസ്.ഐ.ഡി.സി. എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. ആർ. പ്രഗാഷ്, ബി.ഐ.ഐ.സി. ഡയറക്ടർ ഡോ. ആർ. ഗിരീഷ് കുമാർ, പ്രൊഫ. മാത്യു കുര്യൻ എന്നിവർ പ്രസംഗിച്ചു.
 




Share this News Now:
  • Google+
Like(s): 27