28 October, 2018 01:53:00 PM


ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യാപാരികള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കുന്നു

ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവര്‍ക്കും രജിസ്ട്രേഷന്‍ ബാധകം




ഏറ്റുമാനൂര്‍: കുടിവെള്ളം ഉള്‍പ്പെടെ എല്ലാത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, വിപണനം, വിതരണം, ശേഖരണം ഇവയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയോ ലൈസന്‍സ് കരസ്ഥമാക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ നടപടി കര്‍ക്കശമാക്കുന്നു. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപ വരെയുള്ളവര്‍ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍റെയും അതിനു മുകളിലുള്ളവര്‍ ലൈസന്‍സിന്‍റെയും പരിധിയില്‍ വരും. 

ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, മത്സ്യ സ്റ്റാളുകള്‍, പലചരക്ക് കടകള്‍, സ്റ്റേഷനറി കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികളും ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടു നടന്നും വാഹനങ്ങളിലും വിപണനം നടത്തുന്നവരും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ വ്യാപാരം നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ സെക്ഷന്‍ 63 പ്രകാരം ആറ് മാസം തടവിനും 5 ലക്ഷം രൂപാ വരെ പിഴ ചുമത്താവുന്നതുമായ കുറ്റമാണെന്ന് ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.തെരസിലിന്‍ ലൂയിസ് പറഞ്ഞു.

ഇതിവരെ രജിസ്ട്രേഷന്‍ / ലൈസന്‍സ് എടുക്കാത്തവര്‍ക്കും പുതുക്കാത്തവര്‍ക്കും സര്‍ക്കാര്‍ അതിനുള്ള അവസരമൊരുക്കികൊണ്ട് പ്രത്യേകം മേളകള്‍ സംഘടിപ്പിക്കുന്നു. ഏറ്റുമാനൂര്‍  നിയോജകമണ്ഡലത്തിലെ വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കുമായി മേള ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 8943346542



Share this News Now:
  • Google+
Like(s): 353