30 October, 2018 10:17:20 PM


ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന കേരളത്തിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

ചെര്‍പ്പളശ്ശേരി സ്വദേശി മഞ്ഞലങ്ങാടന്‍ സുലൈമാന്‍ കുട്ടിയാണ് അറസ്റ്റിലായത്




പെരിന്തല്‍മണ്ണ : ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന സംഘത്തിലെ കേരളത്തിലെ മുഖ്യകണ്ണിയെ അറസ്റ്റ് ചെയ്തു. ചെര്‍പ്പളശ്ശേരി സ്വദേശി മഞ്ഞലങ്ങാടന്‍ സുലൈമാന്‍ കുട്ടി (49)യാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വഴി ബാങ്കിംഗ് ഇടപാടുകാരെ നെറ്റ് കാള്‍വഴിയോ മെയില്‍ വഴിയോ ബസപ്പെട്ട് വന്‍ തുകകള്‍ ലോട്ടറി അടിച്ചതായും ഗിഫ്‌ററ് കിട്ടിയതായും മറ്റും പറഞ്ഞായിരുന്നു തട്ടിപ്പ്.

കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ആളുകളാണ് കൂടുതലും തട്ടിപ്പിന് ഇരയാവുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിനാണ് മുന്‍പ് ഇത്തരം തട്ടിപ്പ് സംഘം ശ്രമിച്ചിരുന്നത്. എന്നാല്‍ പണമായി തന്നെ ലഭിക്കുന്നതും കൂടുതല്‍ തട്ടിപ്പിന് പ്രേരകമാകുന്നു. ഈ തട്ടിപ്പു സംഘത്തിലെ പ്രതികളെ മുമ്പും പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് തട്ടിപ്പിനെ കുറിച്ച്‌ കൂടുതല്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണ സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപകമാക്കി. 


അറസ്റ്റിലായ സുലൈമാന്‍ കുട്ടിയുടെ പേരില്‍ കോട്ടക്കല്‍ പൊലീസിലും ആന്ധ്രപ്രദേശില്‍ സൈബര്‍ പൊലീസിലും സമാനമായ കേസുകളുണ്ട്. കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണ്. പുതിയ അക്കൗണ്ടു നമ്പറുകള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അന്യസംസ്ഥാനക്കാരനായ മുനീര്‍ അഹമ്മദ് എന്ന ആളുടെ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മുനീര്‍ അഹമ്മദിന്റെ വിവരം പൊലീസ് അന്വേഷിച്ചുവരികയാണ്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍ ,സി ഐ ടി എസ്ബിനു, എസ് ഐ മഞ്ഞ്ജിത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തതും തുടരന്വേഷണം നടത്തുന്നതും.



Share this News Now:
  • Google+
Like(s): 103