10 November, 2018 06:56:30 PM


എളിമയുടെയും സ്‌നേഹത്തിന്‍റെയും പങ്കുവയ്ക്കലായി ജീവിതം മാറണം - തോമസ് മാര്‍ കൂറിലോസ്



ഏറ്റുമാനൂര്‍: എളിമയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലുകളായി ജീവിതം മാറണമെന്നും ദൈവം എന്റെ ഓഹരിയും അവകാശവുമാണെന്ന് പറയാന്‍ നമുക്ക് സാധിക്കണമെന്നും തിരുവല്ല അതിരൂപത അദ്ധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ്. നമ്മുടെ സ്വഭാവങ്ങള്‍ ദൈവസ്‌നേഹം തിരിച്ചറിയുന്നതും ദൈവികമായി ചിന്തിക്കുന്നതുമായി മാറാന്‍ ശക്തമായ പ്രാര്‍ത്ഥന അനിവാര്യമാണ്. ദൈവം നമുക്ക് നല്‍കികൊണ്ടിരിക്കുന്ന കാരുണ്യത്തിന് നാം നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ തിരുനാളിനും വിശുദ്ധ പദവി പ്രഖ്യാപന ദിനാചരണങ്ങള്‍ക്കും ഒരുക്കമായി മാന്നാനം ആശ്രമദൈവാലയത്തില്‍ ആരംഭിച്ച അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് മാര്‍ കൂറിലോസ്. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് മുന്നോടിയായി സി.എം.ഐ. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി നടന്നു. ഫാ. ജേക്കബ് പുളിയ്ക്കല്‍, ഫാ. സോജി തേവലശ്ശേരി എന്നിവര്‍ സഹകാര്‍മ്മികരായി. 

കവന്‍ഷന്‍ രണ്ടാം ദിവസമായ ഞായറാഴ്ച 3ന് ഗാനശുശ്രൂഷ, ജപമാല, 3.45 ന് ദിവ്യബലി, സന്ദേശം, വചനപ്രഘോഷണം, ആരാധന എന്നിവ നടക്കും. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 2.30 വരെ സ്പിരിച്ച്വല്‍ ഷെയറിംങ്ങ്, 10 മുതല്‍ 2.30 വരെ കുമ്പസാരം എന്നിവയും ഉണ്ടാകും.



Share this News Now:
  • Google+
Like(s): 104