22 November, 2018 07:35:34 AM


പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം തടഞ്ഞത് വിവാദമായി ; തടഞ്ഞത് മന്ത്രിവാഹനമല്ലെന്ന് പോലീസ്

 


ശബരിമല: സുരക്ഷാചുമതലയുള്ള എസ് പി ചോദ്യം ചെയ്തതിന് പിന്നാലെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞും പോലീസ് പുലിവാലു പിടിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ കേന്ദ്രമന്ത്രിയുടെ വാഹനം പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു തടഞ്ഞത്. അബദ്ധത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് പിന്നീട് മാപ്പു പറഞ്ഞു.


പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞത്. പിന്നീട് പോലീസ് രേഖാമൂലം മാപ്പും എഴുതി നല്‍കി. ശബരിമലയിലെ പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് തടഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി എല്ലാം കഴിഞ്ഞ് സ്വകാര്യ വാഹനത്തില്‍ തിരിച്ചു പോകുമ്പോഴായിരുന്നു വാഹനം പോലീസ് തടഞ്ഞത്. കേന്ദ്രമന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസുകാര്‍ ഉന്നതോദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവരെത്തി മാപ്പു പറയുകയുമായിരുന്നു.


ഇന്നലെ ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പൊന്‍രാധാകൃഷ്ണനെ ചോദ്യം ചെയ്തത് വലിയ വിവാദമായതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ പോലീസ് മന്ത്രിയുടെ വാഹനം തടയുകയും ചെയ്തിരിക്കുന്നത്. ഇന്നലെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തപ്പോള്‍ അത് ശബരിമലയില്‍ ഉണ്ടാക്കുന്ന ട്രാഫിക് ചൂണ്ടിക്കാട്ടിയായിരുന്നു യതീഷ്ചന്ദ്ര തിരിച്ചു ചോദിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചു പോരുമെന്നും സ്വകാര്യ വാഹനങ്ങള്‍ അവിടെ കിടക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ്ചന്ദ്ര ചോദിച്ചത്.


സ്വന്തം ഉത്തരവാദിത്വങ്ങള്‍ നടത്താതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. എന്നാല്‍ അതിന് തനിക്ക് അധികാരമില്ലെന്ന് പറഞ്ഞ് മന്ത്രിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് പോയത്.


തടഞ്ഞത് മന്ത്രിയുടെ കാർ അല്ലെന്ന് പോലീസ്


പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനമല്ലെന്നും അകമ്പടി വാഹനങ്ങളില്‍ അവസാനം പോയ കാറാണെന്നും പോലീസ്. ഈ വാഹനത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. എന്താണ് സംഭവിച്ചതെന്ന് പിന്നീട് മന്ത്രിക്ക് എഴുതിക്കൊടുത്തു എന്നും പോലീസ് വ്യക്തമാക്കി. മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകണം. എസ്പി ഹരിശങ്കറായിരുന്നു വിശദീകരണം എഴുതി നല്‍കിയത്.


തടഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് മന്ത്രിയെ വിളിച്ചുവരുത്തിയത്. പോലീസ് പിന്നീട് എന്താണ് സംഭവിച്ചതെന്ന് മന്ത്രിയോട് വിശദീകരിച്ചു. കാറില്‍ സംശയിച്ചയാള്‍ ഇല്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്തയാള്‍ വാഹനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു വാഹനം പരിശോധിച്ചത്. വാര്‍ത്ത പുറത്തുവന്നത് മന്ത്രിയുടെ വാഹനം തടഞ്ഞു എന്ന രീതിയിലാണ്. ഇന്ന് പുലര്‍ച്ചെയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞെന്നായിരുന്നു വിവരം.


പോലീസ് നടപടിയെ തുടര്‍ന്ന് മന്ത്രിക്ക് അര മണിക്കൂറാണ് നഷ്ടമായത്. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞുവെച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് നാമജപയജ്ഞം നടത്തിയ പൊന്‍ രാധാകൃഷ്ണനൊപ്പം 400 പേരോളം ശബരിമലയില്‍ എത്തിയിരുന്നു. ഇന്നലെ പമ്പയിലേക്കുള്ള മന്ത്രിയുടെ യാത്രയുടെ തുടക്കം മുതല്‍ കല്ലുകടിയായിരുന്നു. മന്ത്രിയുടെ സ്വകാര്യവാഹനം തടഞ്ഞ എസ്പി ഔദ്യോഗിക വാഹനം കടത്തിവിടുന്നതില്‍ തടസ്സമില്ലെന്ന് അറിയിക്കുകയായിരുന്നു



Share this News Now:
  • Google+
Like(s): 228