26 November, 2018 07:08:53 PM


ക്യാന്‍സര്‍ - ശ്വാസകോശരോഗ വിമുക്തി: ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ പദ്ധതിക്ക് തുടക്കം



ഏറ്റുമാനൂര്‍: ക്യാന്‍സര്‍ - ശ്വാസകോശരോഗങ്ങളുടെ വ്യാപനം തടയുന്നതിന് പുതിയ കര്‍മ്മ പദ്ധതിയുമായി ഏറ്റുമാനൂര്‍ നഗരസഭ. അസുഖബാധിതരെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഇതിനായി നടത്തുന്ന പരിശോധന ഡിസംബര്‍ ആദ്യവാരം അവസാനിക്കും. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചു. സ്ത്രീകളിലെ വിവിധയിനം കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് ബുധനാഴ്ച തുടക്കം കുറിക്കും. സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മാമോഗ്രാം, പാപ്‌സ്മിയര്‍ പരിശോധനകള്‍ സൗജന്യമായി നടത്തും.

ദീര്‍ഘകാലമായി ശ്വാസകോശരോഗങ്ങള്‍ ഉള്ളവരെ കണ്ടെത്തി കൂടുതല്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റും ഒരുക്കും. സ്‌പൈറോമെട്രി എന്ന ഉപകരണം ഉപയോഗിച്ച് ശ്വാസകോശത്തിന്റെ സങ്കോചവികാസശേഷി പരിശോധിക്കും. ആവശ്യമുള്ളവര്‍ക്ക് ഇന്‍ഹലേറ്ററുകള്‍ വഴി മരുന്ന് നല്‍കും.  ജീവിതശൈലി രോഗങ്ങളില്‍ നിന്നും വിമുക്തി നേടാനായി നഗരസഭ നേരത്തെ നടപ്പാക്കിയ പ്രസാദം പദ്ധതിയുടെ തുടര്‍പരിപാടിയായാണ് ഇതും നടപ്പിലാക്കുക. നഗരസഭയിലെ വാര്‍ഡുകളിലും പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രോഗബാധിതരെ കണ്ടെത്തുക. പരിശോധനയ്ക്ക് വിധേയമാകുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആശാ പ്രവര്‍ത്തകര്‍ വഴിയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്.

ദീര്‍ഘകാലശ്വാസകോശരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി ജില്ലയില്‍ ആദ്യമായാണ് നടപ്പിലാക്കുന്നതെന്ന് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ നഗരസഭാ ആരോഗ്യ - ക്ഷേമകാര്യ സ്ഥിരം സമിതികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയ്ക്ക് പതിനെട്ട് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ് പറഞ്ഞു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 9ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി ഹാളില്‍ ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ അദ്ധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രവും നഗരസഭാ പരിധിയിലെ ക്ലാമറ്റം, പേരൂര്‍, വള്ളിക്കാട്, കട്ടച്ചിറ, പുന്നത്തുറ, തെള്ളകം എന്നിവിടങ്ങളിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളും കേന്ദ്രീകരിച്ചായിരിക്കും രോഗനിര്‍ണ്ണയക്യാമ്പുകള്‍ നടക്കുക.



Share this News Now:
  • Google+
Like(s): 320