02 December, 2018 10:22:18 AM


ഇറച്ചികടകളില്‍ മാംസം കെട്ടി തൂക്കി പ്രദര്‍ശിപ്പിക്കുന്നത് തെറ്റെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്



കോട്ടയം: ഇറച്ചികടകളില്‍ കന്നുകാലികളുടെ മാംസം വില്‍പ്പനയ്ക്കായി കെട്ടി തൂക്കി പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉപഭോക്താക്കള്‍ കാണുംവിധം മാംസം കെട്ടി തൂക്കി വില്‍ക്കുമ്പോള്‍ ശുചിത്വം പാലിക്കപ്പെടാതെ പോകുന്നു എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം വളരെ ശുചിയായ സാഹചര്യത്തില്‍ വളരെ കുറഞ്ഞ താപനിലയിലായിരിക്കണം മാംസം സൂക്ഷിക്കുകയും വില്‍പ്പനയ്ക്കായി വെട്ടി റെഡിയാക്കുകയും ചെയ്യപ്പെടേണ്ടത്. എന്നാല്‍ ഇതൊന്നും ഒരു കടയിലും പാലിക്കപ്പെടുന്നില്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ കണ്ടെത്തല്‍. 

ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപാരികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. അതേസമയം തങ്ങള്‍ക്ക് ചെത്തിയെടുക്കാനുള്ള സൗകര്യാര്‍ത്ഥമാണ് മാംസം കെട്ടിതൂക്കുന്നതെന്ന് വ്യാപാരികള്‍ വാദിച്ചു. എന്നാല്‍ പൊടിപടലങ്ങള്‍ ഏല്‍ക്കാത്ത വിധം മറ്റൊരു മുറിയിലോ ഒരു മറയുണ്ടാക്കിയോ വേണം മാംസം വില്‍പ്പനയ്ക്കായി തയ്യാറാക്കാനെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഏറ്റുമാനൂര്‍‌ ടൗണിലെ കോഴിക്കടകള്‍ ഉള്‍പ്പെടെയുള്ള ഇറച്ചി വില്‍പനകേന്ദ്രങ്ങളിലും മത്സ്യമാര്‍ക്കറ്റിലും സംഘം പരിശോധന നടത്തി. 

ഇതിനിടെ കേരളത്തിലെ ഇറച്ചികടകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തരായിരിക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. നാട്ടിലെ ഇറച്ചികടകളിലെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ് കന്നുകാലികളെ കൊന്ന് മാംസം വെട്ടിനുറുക്കി വില്‍ക്കുന്നത് വരെയുള്ള ജോലികള്‍ ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നവരെ നിര്‍ബന്ധമായും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. കുഷ്ഠരോഗം പോലുള്ള അസുഖങ്ങള്‍ വീണ്ടും കേരളത്തില്‍ പടര്‍ന്നു പിടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാകാമെന്ന് ആരോഗ്യവിദഗ്ധരും സംശയിക്കുന്നു. 

ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിലെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണശാലകളിലും  ഭക്ഷ്യസുരക്ഷാവകുപ്പ് ഇതിനോടകം രണ്ട് തവണ പരിശോധന നടത്തിയിരുന്നു. ഫ്രിഡ്ജില്‍ തുറന്ന് വെച്ച ആഹാരം വീണ്ടും വിളമ്പരുതെന്നുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സംഘം ഹോട്ടലുടമകള്‍ക്ക് നല്‍കി. വഴിയരികില്‍ തുറന്നു വെച്ച് വില്‍ക്കുന്ന പട്ടാണികടലകള്‍ പോലുള്ള സാധനങ്ങള്‍ നശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞയിടെ ഹോട്ടലുകളില്‍ മിന്നല്‍പരിശോധന നടന്നിരുന്നു. ഒട്ടേറെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തെങ്കിലും കൂടുതല്‍ പരിശോധനയ്ക്ക് അയച്ചില്ല എന്ന പരാതിയും നിലനില്‍ക്കുകയാണ്.



Share this News Now:
  • Google+
Like(s): 304