09 December, 2018 02:59:31 PM


വനിതാ - ശിശു സൗഹൃദ നഗരസഭയാകാനൊരുങ്ങി ഏറ്റുമാനൂര്‍; ജിആര്‍സി ഉദ്ഘാടനം 22ന്




ഏറ്റുമാനൂര്‍: വനിതാ - ശിശു സൗഹൃദനഗരസഭ ആകാനൊരുങ്ങുകയാണ് ഏറ്റുമാനൂര്‍. വനിതകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമവും വ്യക്തിത്വവികാസവും ഒപ്പം സ്വരക്ഷയും മുന്‍നിര്‍ത്തിയുള്ള പദ്ധതിയ്ക്ക് ഡിസംബര്‍ 22ന് തുടക്കം കുറിക്കും. ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള കുടുംബശ്രീ മന്ദിരത്തില്‍ ഇതിനായി സ്ത്രീ- ശിശു വിഭവകേന്ദ്രം തയ്യാറായികഴിഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ മാനസികമായും ശാരീരികമായും ഇവരെ ഒരുക്കിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന ജന്‍ഡര്‍ റിസോഴ്സ് സെന്‍ററില്‍ ഫിറ്റ്നസ് സെന്‍റര്‍, യോഗാ പരിശീലനം, ആയോധനകലകളില്‍ പരിശീലനം, പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കൗണ്‍സിലിംഗ്, ലൈബ്രറി എന്നീ സംവിധാനങ്ങളാണ് തുടക്കത്തിലുള്ളത്. കുടുംബശ്രീ മന്ദിരത്തിന്‍റെ ഒന്നാം നിലയില്‍ ഫിറ്റ്നസ് സെന്‍ററും ലൈബ്രറിയും പ്രവര്‍ത്തിക്കും. യോഗാ, ആയോധനകല തുടങ്ങിയ പരിശീലനങ്ങള്‍ക്കായി മുകളിലത്തെ നിലയില്‍ പ്രത്യേകം ഹാള്‍ സജ്ജമാക്കിയിട്ടുണ്ട്. 


23.5 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ഇതുവരെ ചെലവഴിച്ചിരിക്കുന്നത്. ഫിറ്റ്നസ് സെന്‍ററില്‍  സ്ത്രീകള്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥിനികള്‍ക്ക് 100 രൂപയും ആയിരിക്കും ആറ് മാസത്തേക്ക് രജിസ്ട്രേഷന്‍ ഫീസ്. മാസം തോറും യഥാക്രമം 300 ഉം 100ഉം വീതം ഫീസ് വേറെയുമുണ്ടാകും. അതേസമയം യോഗ, ആയോധനകല തുടങ്ങിയവയിലുള്ള പരിശീലനം സൗജന്യമായിരിക്കും. വിദ്യാര്‍ത്ഥിനികളുടെയും വീട്ടമ്മമാരുടെയും സൗകര്യമനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കും. വിദഗ്ധരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണക്ലാസുകളും സംഘടിപ്പിക്കും.

സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ പ്രായമായവര്‍ വരെ ചതിക്കുഴികളില്‍ പെടുന്ന ഈ കാലത്ത് ഇവര്‍ക്കായി പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് പദ്ധതിയുടെ പ്രഥമലക്ഷ്യമാണെന്ന് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ് പറഞ്ഞു. ഇതിനായി അഭിഭാഷകന്‍, ഡോക്ടര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജന്‍ഡര്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ‍

ഡിസംബര്‍ 22ന് വൈകിട്ട് 4ന് മന്ത്രി മേഴ്സികുട്ടിയമ്മയാണ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്ത് മറ്റ് പലയിടത്തും ജന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റുമാനൂരിലേത് ഒരു മാതൃകാകേന്ദ്രമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.


Share this News Now:
  • Google+
Like(s): 337