15 December, 2018 07:07:23 AM


ദേശീയപാതയിലും ട്രെയിനിലും പോലീസ്‌ ചമഞ്ഞു കവര്‍ച്ച: സംഘത്തലവന്‍ അറസ്‌റ്റില്‍

 



പാലക്കാട്‌ : ദേശീയപാതയിലും ട്രെയിനിലും പോലീസ്‌ ചമഞ്ഞ്‌ കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റില്‍. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിന്‍(23) എന്ന പട്ടാളം വിപിന്‍ ആണ്‌ പിടിയിലായത്‌. ഓഗസ്‌റ്റില്‍ ചെന്നൈയിലേക്കുപോയ സ്വകാര്യ ബസ്‌ യാത്രക്കാരനില്‍ നിന്ന്‌ ഒന്നേകാല്‍ക്കിലോ സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തിലാണ്‌ അറസ്‌റ്റ്‌. കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. സംഘം സഞ്ചരിച്ചിരുന്ന രണ്ടുകാറുകളും കസ്‌റ്റഡിയിലെടുത്തു. 


ചെന്നൈ കാഞ്ചീപുരത്തുള്ള ജുവലറിയിലേക്ക്‌ കൊണ്ടുപോയ കുട്ടനെല്ലൂര്‍ സ്വദേശിയായ വ്യാപാരിയുടെ സ്വര്‍ണമാണ്‌ കൊള്ളയടിക്കപ്പെട്ടത്‌. രണ്ടുകാറുകളിലായെത്തിയ ഏഴംഗ സംഘം ബസ്‌ തടഞ്ഞ്‌ തൃശൂര്‍ സ്വദേശിയായ ജോണ്‍സനെ പിടിച്ചിറക്കിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന്‌ ദേശീയപാതയില്‍ ഇറക്കിവിടുകയായിരുന്നു. സംഘത്തിലെ നാലു പേരെ വാളയാര്‍ പോലീസും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച പിടികൂടി. ഇതോടെ ഒളിവില്‍ പോയ വിപിനെ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇന്നലെ വലയിലാക്കിയത്‌. ശേഷിക്കുന്ന പ്രതികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്‌. നേരത്തെ പിടിയിലായ സുജീഷ്‌, സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവര്‍ ജയിലിലാണ്‌. 


സ്വര്‍ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ്‌ സംഘം കൊള്ള നടത്തിയിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. സംഘം പിടിയിലായതോടെ സമാനമായ നിരവധി കേസുകള്‍ക്ക്‌ തുമ്പായി. കൊള്ളയടിച്ച സ്വര്‍ണത്തില്‍ ഒരുകിലോ പ്രതികള്‍ എറണാകുളത്തെ ജുവലറിയില്‍ വില്‍പന നടത്തിയത്‌ പോലീസ്‌ കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണം തൃശൂരിലെ ജുവലറിയില്‍ വിറ്റതായി വിപിന്‍ പറഞ്ഞു. വ്യാജനമ്പര്‍ ഉപയോഗിച്ച്‌ വാഹനമോടിച്ചതിന്‌ വിപിനെതിരേ താമരശേരി പോലീസ്‌ സ്‌റ്റേഷനില്‍ കേസുണ്ട്‌.



Share this News Now:
  • Google+
Like(s): 206