16 December, 2018 12:51:14 AM


തമിഴ്‌നാട്ടില്‍ നിന്ന് 30 യുവതികള്‍ ശബരിമലയിലേക്ക്: സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തുവെന്ന് സംഘം




പത്തനംതിട്ട: മല ചവിട്ടാന്‍ തമിഴ്‌നാട്ടില്‍ നിന്ന് 30 യുവതികള്‍ ശബരിമലയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഈ മാസം 23 ന് മുപ്പത് അംഗ സംഘം എത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. ശബരിമലയില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തുവെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.


മാലയിട്ട്, വ്രതമെടുത്ത് അയ്യപ്പനെ കാണണമെന്ന ആഗ്രഹത്തിലാണ് ശബരിമലയിലേക്ക് എത്തുന്നതെന്ന് സംഘടന പറയുന്നു. വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെയാണ് യുവതികള്‍ മല ചവിട്ടാന്‍ ഒരുങ്ങുന്നതെന്നും മനിതി കോ ഓര്‍ഡിനേറ്റിങ്ങ് കമ്മിറ്റി അംഗം അഡ്വ. സുശീല വ്യക്തമാക്കി. അഞ്ഞൂറോളം പേരുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതി.


ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ തന്നെ സംഘടനയിലെ അംഗങ്ങളായവര്‍ ശബരിമലയിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സുശില പറഞ്ഞു. വിധി വന്ന ആദ്യ ഘട്ടത്തില്‍ സുരക്ഷാപരമായ പ്രശ്‌നങ്ങളുള്ളതിനാലാണ് തീരുമാനം മാറ്റിവെച്ചതെന്നും ഇവര്‍ പറയുന്നു. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചിരുന്നുവെന്നും ആവശ്യമായ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രിയുശട ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചതായും സംഘടന പറഞ്ഞു. സംഘത്തില്‍ ഒരാള്‍ ഒഴികെ മറ്റുള്ളവര്‍ 40 വയസ്സിനു താഴെയുള്ളവരാണെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 365