22 December, 2018 11:40:48 AM


ശര്‍ക്കരയും നിശബ്ദ കൊലയാളിയാവുന്നു; കേടു വരാതിരിക്കാൻ ചേർക്കുന്നത് തുണികൾക്ക് നിറം നൽകുന്ന ഡൈ



കോഴിക്കോട്: സംസ്ഥാനത്ത് മായം കലര്‍ന്ന ശര്‍ക്കരയുടെ വിപണനം വ്യാപകമായി. തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവില്‍ ചേര്‍ത്ത ശര്‍ക്കരയാണ് ഇപ്പോള്‍ വിപണികളില്‍ ഏറെയും ലഭിക്കുന്നതെന്ന് കണ്ടെത്തല്‍. ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യമാണ് ശര്‍ക്കരയില്‍ കണ്ടെത്തിയത്. കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് മായം കലര്‍ത്തുന്നത്.


നിറം കലര്‍ത്തിയ ശര്‍ക്കര അന്യസംസ്ഥാനങ്ങളില്‍നിന്നും വ്യാപകമായാണ് സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കോഴിക്കോട് നഗരത്തിലെ മൂന്ന് കടകളില്‍ നിന്ന് വാങ്ങിയ ശര്‍ക്കര പാലില്‍ കലക്കിയപ്പോള്‍ പതിവില്ലാത്ത വിധം നിറവ്യത്യാസം പ്രകടമായതാണ് അന്വേഷണത്തിന് വഴിവെച്ചത്. സാമ്പിളുകള്‍ മലാപ്പറമ്പിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. തുണികള്‍ക്ക് നിറം നല്‍കുന്ന റോഡമിന്‍ ബി എന്ന ഡൈയാണ് ശര്‍ക്കര സാമ്പിളുകളില്‍ ചേര്‍ത്തിരിക്കുന്നത്. വെളളത്തില്‍ കലര്‍ത്തിയാല്‍ പിങ്ക് നിറമാകും. ഒരു കാരണവശാലും ശരീരത്തില്‍ എത്താന്‍ പാടില്ലാത്ത ഒന്നാണിത്.


തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര കൊണ്ടുവരുന്നത്. നിര്‍മ്മാണ വേളകളിലൊന്നും പരിശോധനകള്‍ നടക്കാറില്ല. പരാതികള്‍ കിട്ടാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍. കടലമിഠായിയും എള്ളുണ്ടയും അടക്കമുള്ള നിരവധി ബേക്കറി ഉത്പന്നങ്ങളില്‍ വരെ ഉപയോഗിക്കുന്ന ശര്‍ക്കരയും നിശബ്ദ കൊലയാളിയുടെ പട്ടികയിലേക്കെത്തിയിരിക്കുകയാണ്.  



Share this News Now:
  • Google+
Like(s): 192