30 December, 2018 08:58:30 AM


തിരുവാഭരണം തിരികെ ഏല്‍പ്പിക്കുമെന്ന് പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും ധാരണയില്‍

 

thiruvabharanam


ശബരിമല : അയ്യപ്പന് ചാര്‍ത്തുവാനുള്ള തിരുവാഭരണം തിരികെ ഏല്‍പ്പിക്കുമെന്ന് പന്തളം കൊട്ടാരത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ്. കൊട്ടാരം പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉണ്ടാക്കിയത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ധാരണയുണ്ടാക്കിയത്.

എല്ലാ വര്‍ഷവും മകരവിളക്കിനോടനുബന്ധിച്ച് പന്തളം കൊട്ടാരത്തില്‍ നിന്നും ആഘോഷമായി തിരുവാഭരണം സന്നിധാനത്തേക്ക് എത്തിക്കാറുണ്ട്. എന്നാല്‍, നിലവിലെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തിരുവാഭരണം തിരികെ ഏല്‍പ്പിക്കില്ലെന്ന തരത്തില്‍ പ്രചാരങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഉണ്ടായ ഒരു ആശങ്കപരിഹരിക്കാന്‍ പന്തളം കൊട്ടാരം പ്രതിനിധികളും ദേവസ്വം പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തില്‍ ധാരണയുണ്ടായത്.

ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകണം, രാജപ്രതിനിധിക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കണം. വലിയാനവടത്ത് ഘോഷയാത്ര സംഘത്തിനും രാജപ്രതിനിധിക്കും പ്രത്യേകം സുരക്ഷ ഒരുക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും പന്തളം കോട്ടാരം മുന്നോട്ട് വച്ചിരുന്നു. ഇതും ബോര്‍ഡ് അംഗീകരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷന്‍ പി.ആര്‍.രാമന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, കമ്മിഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണന്‍ എന്നിവര്‍ കൊട്ടാരത്തില്‍ എത്തി കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ, സെക്രട്ടറി നാരായണവര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയത്.

തിരുവാഭരണങ്ങള്‍ അതുപോലെ തിരിച്ചേല്‍പ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു ശശികുമാരവര്‍മ ആവശ്യപ്പെട്ടു. തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നല്‍കുമെന്നും ദേവസ്വം കമ്മിഷണര്‍ ഉറപ്പു നല്‍കി.



Share this News Now:
  • Google+
Like(s): 143