03 January, 2019 12:18:01 PM


മുണ്ടക്കയത്ത് കാറും ബൈക്കും കത്തിച്ചു; ഏറ്റുമാനൂരില്‍ നടുറോഡില്‍ ടയര്‍ കത്തിച്ചു



കോട്ടയം: ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് ശബരിമല അയ്യപ്പ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. കടകള്‍ തുറന്നതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ സംഘടിച്ചെത്തി ബലംപ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയാണ് പലയിടത്തും. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞ് പലയിടത്തും കടകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ഗതാഗതതടസം സൃഷ്ടിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ച് പ്രകടനങ്ങല്‍ തുടരുകയാണ്.



മുണ്ടക്കയത്ത് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറും ബൈക്കും അഗ്നിക്കിരയാക്കി. സംഘപരിവാര്‍ പ്രവര്‍ത്തകനായ കൊച്ചുമോന്‍റേതാണ് വാഹനം. എന്നാല്‍ സംഭവത്തിന് ഹര്‍ത്താലുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമാനൂര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ എം.സി.റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീ കത്തിച്ചു. ഇതേ തുടര്‍ന്ന് ഗതാഗതതടസമുണ്ടായി. പരിസരങ്ങളിലുള്ളവര്‍ക്ക് ടയര്‍ കത്തുന്നതിന്‍റെ രൂക്ഷഗന്ധവും പുകയും മൂലം ശ്വാസതടസം പോലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു.


കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദര്‍ശനത്തിനായി നൂറുകണക്കിന് തീര്‍ത്ഥാടനത്തിനായി സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എരുമേലിയില്‍ നിന്നും പന്പയിലേക്ക് മാത്രമാണ് കെഎസ്ആര്ടിസി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. അതേസമയം നിലക്കലിൽ നിന്ന് ചെങ്ങന്നൂർ,കോട്ടയം,-കുമളി ,തിരുവനന്തപുരം  ബസ്സുകൾ കോൺവോയി ആയി സർവ്വീസ് പുറപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K