04 January, 2019 11:45:50 AM


ഹര്‍ത്താല്‍ അക്രമം: പൊന്നാനിയില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവം; നാല് പേര്‍ റിമാന്‍റില്‍

എടപ്പാളിലെ സംഘര്‍ഷത്തിൽ 16 പേര്‍ അറസ്റ്റില്‍




പൊന്നാനി: ഹര്‍ത്താലിനിടെ പൊന്നാനിയില്‍ എസ്ഐ അടക്കം പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നാല് പേര്‍ റിമാന്‍റില്‍. പൊന്നാനി കടവനാട് സ്വദേശി തലക്കാട്ട് ജിതിന്‍ (21), പൊന്നാനി എംഎല്‍എ റോഡില്‍ താമസിക്കുന്ന മൂരടായില്‍ അക്ഷയ് (21), പുറങ്ങ് മാരാമുറ്റത്ത് താമസിക്കുന്ന കൂവൂര്‍ ഹൗസില്‍ അജിത്ത് (20), പൊന്നാനി ഈഴിവതുരുത്തി സ്വദേശി തൊട്ടിവളപ്പില്‍ മണികണ്ഠന്‍ (53), എന്നിവരെയാണ് പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 40 ഓളം പേര്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി അന്യേഷണം ഊര്‍ജ്ജിതമാക്കിയതായി സി ഐ സണ്ണി ചാക്കോ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലിനിടെ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് അക്രമിക്കുകയും ചെയ്യുന്നത് തടയാന്‍ ശ്രമിച്ച പൊന്നാനി എസ് ഐയെയും പോലീസുകാരെയും ഹര്‍ത്താല്‍ അനുകൂലികള്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.


എസ്ഐ നൗഫലിന്‍റെ കൈ അക്രമികള്‍ തല്ലിയൊടിക്കുകയും പോലീസുകാരെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. എടപ്പാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ  സംഘര്‍ഷത്തില്‍ എട്ടോളം കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 100ഓളം പേര്‍ക്കെതിരെ പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.


16 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും വേണ്ട നടപടികള്‍ ആരഭിച്ചതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നാശഷ്ടങ്ങള്‍ വരുത്തിയവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K